വയനാട്:
രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. മാനന്തവാടിയില്‍ പൊതുയോഗത്തില്‍ സംസാരിച്ച ശേഷം പ്രിയങ്ക 12.15ന് പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വസന്തകുമാറിന്‍റെ കുടുംബത്തെ സന്ദര്‍ശിക്കും. പുല്‍പള്ളിയില്‍ നടക്കുന്ന കര്‍ഷക സംഗമവും പ്രിയങ്ക ഉദ്ഘാടനം ചെയ്യും. പിന്നീട് നിലമ്പൂര്‍, അരീക്കോട് എന്നിവിടങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളിലും പങ്കെടുക്കും. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബാംഗങ്ങളുമായി പ്രിയങ്ക ചര്‍ച്ച നടത്തും.
നേരത്തെ, രാഹുല്‍ ഗാന്ധി വയനാട്ടില്‍ പത്രിക സമര്‍പ്പിച്ച ശേഷം നടത്തിയ റോഡ് ഷോയില്‍ പ്രിയങ്കയും പങ്കെടുത്തിരുന്നു. തുടര്‍ന്ന് സഹോദരനായി വയനാട്ടുകാരുടെ പിന്തുണ തേടി പ്രിയങ്ക ഗാന്ധി കുറിപ്പിട്ടിരുന്നു. ട്വിറ്ററിലൂടെയാണ് പ്രിയങ്ക രാഹുലിനായി വോട്ട് തേടിയത്.
‘എന്‍റെ സഹോദരന്‍, എന്‍റെ എറ്റവും വിശ്വസ്തനായ സുഹൃത്ത്, അതിനൊക്കെ മേലെ ഞാന്‍ കണ്ട ഏറ്റവും ആത്മധൈര്യമുള്ള മനുഷ്യന്‍. അവനെ കരുതലോടെ കാക്കുക വയനാടേ, അവനൊരിക്കലും നിങ്ങളുടെ അഭിമാനം തകരാന്‍ അനുവദിക്കില്ല… നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ രാഹുലിന്‍റെ ചിത്രം പങ്കുവച്ചു കൊണ്ട് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചിരുന്നു.
അതേസമയം, ഇന്ന് പ്രിയങ്ക എന്ത് പറയുന്നമെന്ന കാര്യത്തില്‍ വലിയ ആകാംക്ഷയിലാണ് വയനാടും കേരളമാകെയും. ഇടതുപക്ഷത്തിനെതിരെ ഒന്നും പറയില്ലെന്ന് താന്‍ പറഞ്ഞത് രാഹുല്‍ കൃത്യമായി പാലിച്ചിരുന്നു. അതേ നിലപാടാണോ പ്രിയങ്കയുടേതെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തുന്നത്. പ്രിയങ്ക ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുമെന്ന് കെ.സി. വേണുഗോപാല്‍ എം.പി. അറിയിച്ചു.