തിരുവനന്തപുരം:
കേരളത്തിലെ തിരഞ്ഞെടുപ്പില്‍ ആം ആദ്മി, ഇടതുമുന്നണിയെ പിന്തുണക്കുമെന്ന് നേതൃത്വം അറിയിച്ചു. ആം ആദ്മി- സി.പി.എം നേതൃത്വം ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഇന്ന് വൈകീട്ട് ഇതുമായി ബന്ധപ്പെട്ട് സംയുക്ത വാര്‍ത്ത സമ്മേളനം നടത്തുമെന്ന് നേതൃത്വം അറിയിച്ചു.
അതേസമയം, യു.ഡി.എഫിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ച നടപടിയെ തുടര്‍ന്ന് സി.ആര്‍. നീലകണ്ഠനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. രാഷ്ട്രീയകാര്യ സമിതിയോട് ആലോചിക്കാതെയാണ് തീരുമാനമെടുത്തതെന്ന് സോമനാഥ് ഭാരതി വ്യക്തമാക്കി. എ.എ.പി പിന്തുണ എല്‍.ഡി.എഫിനെന്നും സോമനാഥ് ഭാരതി വിശദീകരിച്ചു.
കേരളത്തില്‍ പതിമൂന്നിടങ്ങളില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും എന്നായിരുന്നു നേരത്തെ നീലകണ്ഠന്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കേന്ദ്രനേതൃത്വം ഇരുപത് മണ്ഡലങ്ങളിലും എല്‍.ഡി.എഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം ദേശീയ നേതൃത്വം നടപടിയെക്കുറിച്ച് ഒന്നുമറിയിച്ചിട്ടില്ലെന്ന് നീലകണ്ഠന്‍ പ്രതികരിച്ചു. എന്‍.ഡി.എ. മുന്നണി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുന്ന നിലപാട് സ്വീകരിക്കണമെന്നാണ് ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നത്. എല്‍.ഡി.എഫിനോ യുഡിഎഫിനോ പിന്തുണ നല്‍കണമെന്ന് വ്യക്തമാക്കിയിരുന്നില്ല. പാര്‍ട്ടി നേതൃത്വം അത്തരത്തില്‍ വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും പിന്തുണ എല്‍.ഡി.എഫിന് തന്നെ നല്‍കുമായിരുന്നുവെന്നും സി.ആര്‍.നീലകണ്ഠന്‍ പറഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കേരള ഘടകത്തിന് പാര്‍ട്ടി ദേശീയ നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. രാഷ്ട്രീയ കാര്യ സമിതിയുടെ അംഗീകാരം ഇല്ലാതെയാണ് പിന്തുണ പ്രഖ്യാപിച്ചതെന്നും എങ്ങനെയെന്ന് ഈ തീരുമാനം എടുത്തതെന്ന് വിശദീകരിക്കാനുമായിരുന്നു ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്.