തിരുവനന്തപുരം:
യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ അശ്ലീല പരാമര്‍ശത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസിന് നിയമോപദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി മലപ്പുറം എസ്പി തൃശൂര്‍ റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് നല്കി. കേസെടുക്കേണ്ട തരത്തിലുള്ള കുറ്റം വിജയരാഘവന്‍ ചെയ്തിട്ടില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ ഒന്നിന് പൊന്നാനിയില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ രമ്യാ ഹരിദാസിനെതിരേ വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ രമ്യാ ഹരിദാസ് പോലീസില്‍ പരാതി നല്കി. ആലത്തൂര്‍ ഡിവൈഎസ്പിക്കാണ് രമ്യാ ഹരിദാസ് പരാതി നല്‍കിയത്. വിജയരാഘവന്‍ തനിക്കെതിരേ നടത്തിയ പരാമര്‍ശം യാദൃശ്ചികമല്ലെന്നും ആസൂത്രിതമാണെന്നുമായിരുന്നു രമ്യയുടെ ആരോപണം.
വിവാദ പരാമര്‍ശത്തില്‍ വിജയരാഘവന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ താക്കീത് നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് പരാമര്‍ശം. ജനപ്രാതിനിധ്യ നിയമം ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് താക്കീത്. ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടിയെന്നും എ.വിജയരാഘവന്‍ മുന്നറിയിപ്പ് നല്കി.
പൊന്നാനിയില്‍ പിവി അന്‍വറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്‍റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.
”സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല…”, ഇതായിരുന്നു എ വിജയരാഘവന്‍റെ വാക്കുകള്‍.
രമേശ് ചെന്നിത്തലയും, പൊന്നാനി യൂത്ത് കോണ്‍ഗ്രസ് നേതാവും, രമ്യ ഹരിദാസും നേരിട്ട് പരാതി നല്‍കിയിട്ടും ഇത്തരത്തിലൊരു നടപടി അംഗീകരിക്കാനാവില്ലെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും യു.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കി.
പൊന്നാനിയില്‍ ഇടതു മുന്നണി പൊതുയോഗത്തിലെ എ വിജയരാഘവന്റെ പ്രസംഗം ദളിത് വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയെന്ന നിലയില്‍ തനിക്ക് വ്യക്തിപരമായി അപമാനമുണ്ടാക്കിയെന്നാണ് രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്.
എ വിജയരാഘവനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഇടതു മുന്നണി കണ്‍വീനര്‍ വിജയരാഘവന്‍ രമ്യാ ഹരിദാസിനെ മോശം പരാമര്‍ശത്തിലൂടെ അപമാനിക്കുകയും സ്ത്രീത്വത്തെ അവഹേളിക്കുകയും ചെയ്‌തെന്നും ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ(1), (4) അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നുമാണ് ചെന്നിത്തല ആവശ്യപ്പെട്ടത്.