കാസര്‍കോട്:
പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന അടച്ചുറപ്പുള്ളൊരു വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. കൃപേഷിന്റെ കൊലപാതകം നടന്നിട്ട് അറുപത്തിയൊന്ന് ദിവസം പൂര്‍ത്തിയായ ഇന്നാണ് കുടുംബം പുതിയ വീട്ടിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഹൈബി ഈഡന്‍ എം.എല്‍.എയുടെ തണല്‍ ഭവന പദ്ധതി പ്രകാരമാണ് കൃപേഷിന്റെ വീട് പണി നടന്നത്. വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ എം.എല്‍.എ. കുടുംബസമേതം എത്തിയിരുന്നു. കാസര്‍കോട് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താനും ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാനെത്തി.
മൂന്നു കിടപ്പുമുറി, അടുക്കള, സെന്‍ട്രല്‍ ഹാള്‍, ഡൈനിങ് ഹാള്‍ ഉള്‍പ്പെടെ 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന്റെ നിര്‍മ്മാണം നാല്‍പ്പത്തി നാല് ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. പഴയ ഓലമേഞ്ഞ കുടിലിന് സമീപമാണ് പുതിയ വീട്. അധികം ആര്‍ഭാടങ്ങളില്ലാതെയാണ് ഗൃഹപ്രവേശനം നടന്നത്. പുതിയ വീടിന്‍റെ ചിത്രങ്ങള്‍ എം.എൽ.എമാരായ ഷാഫി പറമ്പിലും വി.ടി. ബാലറാമും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരുടെയും പോസ്റ്റുകള്‍ ഇതിനോടകം തന്നെ വൈറല്‍ ആയിട്ടുണ്ട്.
ഓലക്കുടിലിനു മുന്നിലായി കൃപേഷിന്റെ അച്ഛന്റെ പേരില്‍ പട്ടയംകിട്ടിയ ഭൂമിയിലാണ് വീടുയര്‍ന്നത്. പ്രവാസി കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഈ വീടിനോടുചേര്‍ന്ന് കുഴല്‍ക്കിണര്‍ നിര്‍മിച്ചുനല്‍കി. ചടങ്ങില്‍ ഹൈബി ഈഡന്‍, അദ്ദേഹത്തിന്റെ കുടുംബം, കോണ്‍ഗ്രസ് നേതാക്കളായ വി.ഡി.സതീശന്‍ എം.എല്‍.എ, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഹക്കിം കുന്നില്‍, പ്രാദേശിക നേതാക്കള്‍, കൃപേഷിന്റെ സുഹൃത്തുക്കള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹൈബി ഈഡന്റെ തണല്‍ ഭവനപദ്ധതിയിലുള്‍പ്പെട്ട 30-ാമത്തെ വീടാണിത്. മാര്‍ച്ച് മൂന്നിനാണ് കുറ്റിയടിച്ച് നിര്‍മാണം തുടങ്ങിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 17നു രാത്രിയാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാല്‍ എന്നിവരെ സി.പി.എം. പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ അന്വേഷണം ഊര്‍ജ്ജിതമല്ലെന്ന് ആരോപിച്ചും സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടും ഇരുവരുടെയും കുടുംബം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കൊലപാതകം നടന്ന് 60ാം നാളിലാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കി ഗൃഹപ്രവേശനം നടത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേയുള്ള പ്രചാരണത്തില്‍ മുഖ്യവിഷയമായി പെരിയ ഇരട്ടക്കൊലപാതകം മാറിയിരുന്നു.