ലഖ്നൗ:
24 വര്‍ഷത്തെ രാഷ്ട്രീയ വൈരം മറന്ന് ബിഎസ്പി നേതാവ് മായാവതിയും എസ്പി നേതാവ് മുലായം സിങ് യാദവും ഒരേ വേദിയില്‍. മെയിന്‍പുരിയില്‍ മുലായംസിങ് യാദവിന്‍റെ തിരഞ്ഞെടുപ്പ് റാലിയിലാണ് ഇരുവരും കൈകോര്‍ത്ത് വേദിയില്‍ എത്തിയത്. 1995ന് ശേഷം ആദ്യമായാണ് മുലായം സിങ് യാദവുമായി വേദി പങ്കിടുന്നതെന്ന് മായാവതി പറഞ്ഞു. ഇത് ചരിത്ര ദിനമെന്നായിരുന്നു മുലായം സിങ് യാദവിന്‍റെ പ്രതികരണം. അഖിലേഷ് യാദവ്, ആര്‍.എല്‍.ഡി നേതാവ് അജിത് സിങ് എന്നിവരും റാലിയില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ വ്യാജ പിന്നാക്കക്കാരനായ നേതാവല്ല മുലായം സിങ് യാദവെന്ന് മായാവതി വിശദീകരിച്ചു. രാജ്യത്തിൻെറ ഭാവിയെ കുറിച്ച് ചിന്തിക്കുമ്പോൾ വലിയ ലക്ഷ്യങ്ങൾക്കായി നിങ്ങൾക്ക് ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ എടുക്കേണ്ടി വരും. വർഷങ്ങൾകൊണ്ട് മുലായം സിങ് യാദവ് ഏറെ മാറിയിരിക്കുന്നു. എസ്.പിയുടെ ഭരണകാലത്ത് ജനങ്ങൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് അർഹതപ്പെട്ടത് ഉറപ്പു വരുത്താൻ നിരവധി നടപടികൾ അദ്ദേഹം സ്വീകരിച്ചിട്ടുണ്ട് – മായാവതി പറഞ്ഞു.
മോദി പിന്നാക്കക്കാരനാണെന്ന പ്രതിച്ഛായയില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മായാവതി ആരോപിച്ചു. ബി.ജെ.പി.യെ പരാജയപ്പെടുത്താനാണ് ബി.എസ്.പി. സമാജ് വാദി പാര്‍ട്ടിയുമായി കൈകോര്‍ത്തതെന്നും പ്രതിപക്ഷ മഹാസഖ്യത്തിന്റെ വിജയത്തിനായി എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബി.ജെ.പിയെയും മോദിയെയും കടന്നാക്രമിച്ച മായാവതി, കോണ്‍ഗ്രസിനെയും വിമര്‍ശിച്ചു. മായാവതി വന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു മുലായത്തിന്റെ പ്രതികരണം. 24 വര്‍ഷത്തിന് ശേഷമാണ് ഇരുവരും വേദി പങ്കിട്ടത്. വേദിയില്‍ മായാവതിയെ നടുക്ക് ഇരുത്തിയ സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആരാണ് പ്രധാന നേതാവ് എന്ന സൂചന വ്യക്തമാക്കി.
അതേസമയം, മായാവതിയെ പ്രശംസിച്ച മുലായം സിങ് പ്രവർത്തകർക്ക് അവരെ പരിചയപ്പെടുത്തുകയും മായാവതിയുടെ അനുഗ്രഹം വാങ്ങാൻ പ്രവർത്തകരോട് ആവശ്യപ്പെടുകയും ചെയ്തു. താൻ എന്നും മായാവതിെയ ബഹുമാനിച്ചിരുന്നുവെന്നും മുലായം സിങ് വ്യക്തമാക്കി.