Mon. Dec 23rd, 2024
തിരുവനന്തപുരം:

സിപിഎം വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. കോഴിക്കോട്ടെ ഇവന്റ് മാനേജുമെന്റ് കമ്പനിയെ
ഉപയോഗിച്ചാണ് പണം വിതരണം ചെയ്യുന്നത്. ഇതിനെതിരെ കൊല്ലത്തെ യുഡിഎഫ് നേതാക്കള്‍ നല്‍കിയ പരാതില്‍ നടപടി എടുക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഈ വിഷയത്തില്‍ തിരഞ്ഞടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടി എടുക്കണമെന്ന് ഇടപെടണമെന്ന് ഉമ്മന്‍ചാണ്ടി വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത എല്ലാ മണ്ഡലങ്ങളിലും സിപിഎം പണം വിതരണം ചെയ്യുന്നുവെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആരോപണം. പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറൂകള്‍ മാത്രമുള്ളപ്പോഴാണ് ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

എന്നാല്‍ തിരഞ്ഞടുപ്പില്‍ തോല്‍ക്കുമെന്ന വെപ്രാളമാണ് ഉമ്മന്‍ചാണ്ടിയുടെ ആരോപണത്തിന് പിന്നിലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. പാര്‍ട്ടിക്ക് പ്രചാരണത്തിന് പണത്തിന്റെ കുറവ് മാത്രമേയുള്ളുവെന്നും ഐസക് പറഞ്ഞു. കൊല്ലത്ത് വന്ന് ഇത്തരം തരംതാണ അഭിപ്രായങ്ങള്‍ പറയേണ്ടി വരുന്നത് ഉമ്മന്‍ചാണ്ടിയുടെ ഗതികേടാണെന്നും ഐസക് പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ആരോപണങ്ങള്‍ ബാലിശമാണെന്നും ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ നില്‍ക്കുന്ന കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെടുമെന്നും മന്ത്രി ഡോ.തോമസ് ഐസക് പ്രതികരിച്ചു. വര്‍ഷങ്ങളോളം ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്ന എന്‍.കെ.പ്രേമചന്ദ്രന്‍ ഇനി എത്ര നാള്‍ യു.ഡി.എഫ് ക്യാമ്ബില്‍ തുടരുമെന്ന് കണ്ടറിയണം. മണ്ഡലത്തിലെ ബി.ജെ.പിക്കാരെല്ലാം പ്രേമചന്ദ്രന് വോട്ട് മറിക്കുമെന്ന് ഉറപ്പാണ്. ഇത് മുന്നില്‍ കണ്ടാണ് കൊല്ലത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്‌ണയും മറ്റും പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നില്‍ പരാജയപ്പെടുമെന്ന വെപ്രാളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കൊല്ലത്ത് ബിജെപി വോട്ടുകള്‍ യുഡിഎഫ് പണം നല്‍കി വാങ്ങുകയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഇവന്റ് മാനേജ്‌മെന്റുകളെ ഉപയോഗിച്ച്‌ സി.പി.എം വോട്ടര്‍മാര്‍ക്ക് കോഴ വിതരണം ചെയ്യുകയാണെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ഇതിനെതിരെ കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും കണ്‍വീനറും ജില്ലാ വരണാധികാരി, പൊലീസ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടിയന്തര നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച്‌ കൊല്ലത്ത് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനം നടത്തിയെങ്കിലും ഇതുവരെ നടപടി എടുത്തില്ല. പാര്‍ട്ടി ആളുകളുടെ ലിസ്റ്റ് കൊടുക്കുകയും ഇവന്റ് മാനേജുമെന്റുകാര്‍ പണം വിതരണം ചെയ്യുകയുമാണ്. പല മണ്ഡലങ്ങളിലും ഈ രീതി പയറ്റുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമായുള്ള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. വോട്ടര്‍മാരെ പണം കൊടുത്തും മറ്റും സ്വാധീനിക്കാന്‍ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെ വരെ സി.പി.എം രംഗത്തിറക്കുന്നത് അവരുടെ പരാജയഭീതിയുടെ ആഴം വ്യക്തമാക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഏഴു ദശാബ്ദത്തിലധികമായി നിലനില്ക്കുന്ന ജനാധിപത്യ സംവിധാനത്തിന് ഇതു മാരകമായ പ്രഹരം ഏല്‍പ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Leave a Reply

Your email address will not be published. Required fields are marked *