Fri. Nov 22nd, 2024
തിരുവനന്തപുരം:

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച്‌ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പിന്റെ തലേ ദിവസമായ 22 ന് അവധി നല്‍കണമെന്നു തിരഞ്ഞെടുപ്പു കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ സര്‍ക്കാര്‍ ഉടന്‍ അവധി പ്രഖ്യാപിച്ചു ഉത്തരവിറക്കുമെന്നാണ് സൂചന. മധ്യവേനല്‍ അവധി തുടങ്ങിയ സാഹചര്യത്തില്‍ പരീക്ഷകള്‍ മാത്രമായിരിക്കും മാറ്റിവയ്‌ക്കേണ്ടി വരിക. 22 ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൊതുഅവധി അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ (സി.ഇ.ഒ.) ടിക്കാറാം മീണ അറിയിച്ചു. പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയാണ് ഇക്കാര്യം അറിയിച്ചത്

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്‌ട് അനുസരിച്ച്‌ അന്ന് അവധി അനുവദിക്കുന്ന കാര്യത്തിലും സര്‍ക്കാരിനു തീരുമാനമെടുക്കാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഈ വിഷയത്തിലും സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും.

അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയുടെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ശനിയാഴ്ച വയനാട്ടിലെത്തും. ശനിയാഴ്ച രാവിലെ പത്ത് മണിയ്ക്കാണ് പ്രിയങ്ക കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്നത്. 10.30ന് മാനന്തവാടിയില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കും. തുടര്‍ന്ന് പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും.

ഒന്നരയോടെ പ്രിയങ്ക പുല്‍പള്ളിയില്‍ നടക്കുന്ന കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുന്നതാണ്. മൂന്ന് മണിക്ക് നിലമ്പൂരിലും നാല് മണിയ്ക്ക് അരീക്കോടും നടക്കുന്ന പൊതുയോഗങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *