കോട്ടയം:
കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ കെ.എം. മാണിയുടെ വിയോഗത്തെ തുടര്‍ന്ന് കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശ ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ യു.ഡി.എഫ്. തീരുമാനം. ശബ്ദ പ്രചാരണം സമാപിക്കുന്ന ഞായറാഴ്ച വൈകിട്ട് പാലാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ പ്രാര്‍ത്ഥന നടത്തും. മറ്റ് ആറ് മണ്ഡലങ്ങളിലും പ്രചാരണ സമാപനം ശാന്തമായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു മാണി ഏപ്രില്‍ 9നാണ് മരണമടഞ്ഞത്.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പിന്റെ തലേ ദിവസമായ 22 ന് അവധി നല്‍കണമെന്നു തിരഞ്ഞെടുപ്പു കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സര്‍ക്കാര്‍ ഉടന്‍ അവധി പ്രഖ്യാപിച്ചു ഉത്തരവിറക്കുമെന്നാണ് സൂചന. മധ്യവേനല്‍ അവധി തുടങ്ങിയ സാഹചര്യത്തില്‍ പരീക്ഷകള്‍ മാത്രമായിരിക്കും മാറ്റിവയ്‌ക്കേണ്ടി വരിക. 22 ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൊതുഅവധി അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ (സി.ഇ.ഒ.) ടിക്കാറാം മീണ അറിയിച്ചു. പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയാണ് ഇക്കാര്യം അറിയിച്ചത്
നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്‌ട് അനുസരിച്ച് അന്ന് അവധി അനുവദിക്കുന്ന കാര്യത്തിലും സര്‍ക്കാരിനു തീരുമാനമെടുക്കാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഈ വിഷയത്തിലും സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും.