Mon. Dec 23rd, 2024
തൃശൂർ:

വനിതാ കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. എൽ.ഡി.എഫ് കണ്‍വീനർ എ.വിജയരാഘവൻ പലവട്ടം തന്നെ കുറിച്ച് അപകീർത്തി പരത്തുന്ന പ്രസ്താവനകൾ നടത്തിയിട്ടും ഒരു നടപടിയും വനിതാ കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് രമ്യ ഹരിദാസ് തൃശ്ശൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വനിതാ കമ്മീഷൻ തെളിവ് എടുക്കുന്നത് പോയിട്ട് തന്നോട് പരാതിയെ കുറിച്ചു ഫോണിൽ പോലും അന്വേഷിക്കാൻ മെനക്കെട്ടില്ല എന്നാണ് രമ്യയുടെ വെളിപ്പെടുത്തൽ.താൻ സ്വാധീനമില്ലാത്ത സാധാരണക്കാരി ആയതിനാലാകും തന്‍റെ പരാതിയിൽ നടപടി സ്വീകരിക്കാത്തതെന്നും രമ്യ കുറ്റപ്പെടുത്തി.

സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം വീഡിയോ പ്രചരിപ്പിപ്പിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവും കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ. സുധാകരനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫൈനിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി. എന്നാൽ എൽ.ഡി.എഫ് കൺവീനർ തന്നെ അധിക്ഷേപിച്ച് സംസാരിച്ച സംഭവമുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതിലാണ് രമ്യാ ഹരിദാസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. താൻ നൽകിയ പരാതിയിലും സമാന രീതിയിൽ ചെയ്യാമെന്നിരിക്കേ കമ്മീഷൻ ഒന്നും ചെയ്തില്ലെന്നും, രാഷ്ട്രീയം നോക്കിയാണ് വനിതാ കമ്മീഷന്‍റെ ഇടപെടലുകൾ ഉണ്ടാകുന്നതെന്നും അവർ പറഞ്ഞു.

പൊന്നാനിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു എൽ .ഡി.എഫ് കൺവീനർ എ. വിജയരാഘവൻ രമ്യ ഹരിദാസിനെതിരേ വിവാദ പരാമർശം നടത്തിയത്. സംഭവം വാർത്തയായതോടെ രമ്യ ഹരിദാസ് നേരിട്ട് പോലീസിൽ പരാതി നൽകിയിരുന്നു. ആലത്തൂർ ഡി.വൈ.എസ്.പിക്ക് നൽകിയ പരാതിയിൽ പിന്നീട് തിരൂർ ഡി.വൈ.എസ്.പി. അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ രമ്യാ ഹരിദാസിനെതിരേ പ്രസംഗത്തിൽ മോശമായി ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു എ. വിജയരാഘവന്റെ പ്രതികരണം. വനിതാ കമ്മീഷനും ഈ വിഷയത്തിൽ മൗനത്തിലായിരുന്നു.

എന്നാൽ സമാനമായ വിഷയം കണ്ണൂരിൽ ഉണ്ടായപ്പോൾ കെ.സുധാകരനെതിരെ വളരെ പെട്ടെന്നായിരുന്നു വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. ഇവിടെയാണ് കമ്മീഷന്റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്നത്.

ഇന്നലെ കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരനും വനിതാ കമ്മീഷനെ രൂക്ഷമായി വിമർശിച്ചിരുന്നു. കേസടുത്ത കമ്മീഷന്റെ നടപടിയെ നിയമപരമായി നേരിടുമെന്ന് പറഞ്ഞ അദ്ദേഹം നിരവധിയായ ആരോപണങ്ങളാണ് വനിതാ കമ്മീഷനെതിരെ നിരത്തിയത്.വനിതാ കമ്മീഷൻ ഇടപെടേണ്ടിയിരുന്ന കേസുകളിൽ ഇടപെടാതെ രാഷ്ട്രീയം നോക്കി മാത്രം പ്രവർത്തിക്കുന്നു എന്നായിരുന്നു സുധാകരൻ പറഞ്ഞത്. സർക്കാരിന്റെ വനിതാ കമ്മീഷനായല്ല മറിച്ച് സി പി എമ്മിന്റെ വനിതാ കമ്മീഷനായാണ് അതിന്റെ അധ്യക്ഷ ജോസഫൈൻ പ്രവർത്തിക്കുന്നതെന്ന് സുധാകരൻ വിമർശിച്ചു. സി.പി.എമ്മിന്റെ ആളുകൾക്ക് മാത്രമേ ഈ കമ്മീഷനിൽ നിന്നും നീതി പ്രതീക്ഷിക്കാൻ സാധിക്കുള്ളുവെന്നും സുധാകരൻ പറഞ്ഞു.

ഷൊർണൂർ എം.എൽ.എ, പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ പീഡിപ്പിച്ചു എന്ന ആരോപണം വന്നപ്പോൾ എവിടെ ആയിരുന്നു ഈ വനിതാ കമ്മീഷൻ എന്ന് സുധാകരൻ ചോദിച്ചു. ആ സംഭവം പൊലീസോ, വനിതാ കമ്മീഷനോ കേസെടുക്കാതെ പാർട്ടി തലത്തിൽ അന്വേഷണം നടത്തി കേസ് ഒതുക്കി തീർക്കുകയായിരുന്നു എന്ന് സുധാകരൻ പറഞ്ഞു. അന്ന് എന്തുകൊണ്ട് വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു. രമ്യ ഹരിദാസിന്റെ കാര്യത്തിലും എൽ.ഡി.എഫ് കൺവീനറെ രക്ഷിക്കുന്ന സമീപനമാണ് കമ്മീഷന്റെ മൗനം സൂചിപ്പിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *