ന്യൂഡല്‍ഹി:
ബി.ജെ.പി എം.പി ജി.വി.എല്‍ നരസിംഹ റാവുവിനെതിരെ ചെരുപ്പേറ്. പാര്‍ട്ടി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തിനിടെയാണ് സംഭവം. പശ്ചിമ ബംഗാളില്‍ ഉള്‍പ്പെടെ നടക്കുന്ന അക്രമങ്ങളും, കോണ്‍ഗ്രസിന്‍റെ ചില നിലപാടുകളെ കുറിച്ചും ചര്‍ച്ച ചെയ്യാനായിരുന്നു പത്രസമ്മേളനം നടത്തിയത്. ഇതിനിടെയാണ് ഒരാള്‍ നരസിംഹ റാവുവിനെതിരെ ചെരിപ്പെറിഞ്ഞത്. നരേന്ദ്രമോദി സര്‍ക്കാരിലുള്ള അസംതൃപ്തിയാണ് ഇയാളെ ഇതിനു പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ ചോദ്യംചെയ്യലില്‍ വ്യക്തമായത്.
ചെരിപ്പെറിഞ്ഞ ഉത്തപ്രദേശിലെ കാണ്‍പുര്‍ സ്വദേശിയായ ഡോ. ശക്തി ഭാര്‍ഗവയെ പാര്‍ട്ടി ആസ്ഥാനത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പൊലീസിലേല്‍പിച്ചു. സംഭവം നടന്ന സമയം ബി.ജെ.പി നേതാക്കളായ ഭൂപേന്ദ്ര യാദവും റാവുവും മാദ്ധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു. സാധ്വി പ്രജ്ഞാ സിംഗ് താക്കൂറടക്കമുള്ള ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാജക്കേസുകള്‍ ആരോപിച്ച് കോണ്‍ഗ്രസ് ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നുള്ള ആരോപണം അവര്‍ ഉന്നയിക്കുന്നതിനിടെയാണ് റാവുവിനെതിരെ ചെരിപ്പേറുണ്ടായത്. കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരമാണ് അയാള്‍ ചെരിപ്പെറിഞ്ഞതെന്ന് ബി.ജെ.പി ആരോപിച്ചു.