Wed. Jan 22nd, 2025
തിരുവനന്തപുരം:

തിരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലേക്ക് കൂടുതല്‍ ദേശീയ നേതാക്കളെ എത്തിച്ച് പ്രചരണം കൊഴുപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇന്ന് കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും നവജ്യോത് സിംഗ് സിദ്ധുവും കേരളത്തിലെത്തും. രണ്ട് ദിവസത്തെ പര്യടനത്തിനായി എത്തുന്ന ഗുലാം നബി ആസാദ് കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം മണ്ഡലങ്ങളില്‍ എത്തും. കോഴിക്കോട്, വടകര, വയനാട് മണ്ഡലങ്ങളിലാണ് സിദ്ധുവിന്‍റെ പര്യടനം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനാല്‍ വടക്കന്‍ കേരളത്തിലെ മണ്ഡലങ്ങളില്‍ ശ്രദ്ധയൂന്നിയാണ് നേതാക്കളുടെ പര്യടനം.

അതേസമയം വയനാട്ടില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന  രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വീണ്ടും കേരളത്തിലെത്തും. പ്രചാരണത്തിനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്കഗാന്ധി 10.30 ന് മാനന്തവാടിയില്‍ പൊതു യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് 12 .15 ന് വാഴക്കണ്ടി കുറുമകോളനിയില്‍ പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും.

ഉച്ചയ്ക്ക് ഒന്നരക്ക് പുല്‍പ്പള്ളിയില്‍ കര്‍ഷക സംഗമത്തില്‍ പങ്കെടുത്തശേഷം, പ്രിയങ്ക ഗാന്ധി മൂന്ന് മണിക്ക് നിലമ്പൂരിലും നാലിന് അരീക്കോടും പൊതുയോഗങ്ങളില്‍ പങ്കെടുക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ വിവിധ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *