Fri. Nov 22nd, 2024
ഒസ്മാനാബാദ്:

വോട്ടു ചെയ്യുന്നത് ഫേസ്ബുക്ക് ലൈവിട്ട എന്‍.സി.പി. വിദ്യാര്‍ഥി നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലാണ് സംഭവം. പ്രണവ് പാട്ടീല്‍ എന്ന വിദ്യാര്‍ഥി നേതാവിനെയാണ് പൊലീസ് പിടികൂടിയത്. പ്രണവിനെ കൂടാതെ മറ്റു മൂന്ന് പേര്‍കൂടി കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന.

പോളിംഗ് ബൂത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് ഇത്തരത്തില്‍ ഒരു സംഭവം നടക്കുന്നത്. വോട്ടു ചെയ്യുന്നതിന്‍റെ വീഡിയോ ലൈവ് ചെയ്ത് എന്‍.സി.പി ക്ക് വോട്ടു ചെയ്യാന്‍ അഭ്യാര്‍ത്ഥിക്കുകയാണ് പ്രണവ് പാട്ടീല്‍ ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വീഡിയോ ചിത്രീകരിച്ചതിനാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ് അറിയിച്ചു. സംഭവം മഹാരാഷ്ട്രയില്‍ വലിയ വിവാദം സൃഷ്ടിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്ത് 95 സീറ്റുകളിലേക്ക് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ മികച്ച പോളിങ്‌ രേഖപ്പെടുത്തി. തമിഴ്നാട്ടില്‍ മുപ്പത്തിയെട്ട് സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പില്‍ 11 മണിവരെയുള്ള കണക്കെടുപ്പില്‍ 30.62 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.

11 മണിവരെ ആസമില്‍ 26.39 ശതമാനം, ഛത്തീസ്ഗഢ് 26.2 ശതമാനം, കര്‍ണാടകയില്‍ 19.58 ശതമാനം, മണിപ്പൂരില്‍ 32.18 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി എച്ച്‌.ഡി.ദേവഗൗഡ, പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍, പി.ചിദംബരം, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി എന്നിവര്‍ വോട്ട് രേഖപ്പെടുത്തി. കമല്‍ഹാസന്‍, ശ്രുതിഹാസന്‍, രജനീകാന്ത്, സൂര്യ, ജ്യോതിക തുടങ്ങി പല പ്രമുഖ ചലച്ചിത്രതാരങ്ങളും വിവിധ പോളിംഗ് ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *