ന്യൂഡല്‍ഹി:
ലോക്സഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ബിജെപി അനുകൂല ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് വ്യക്തമായി. 2018 ഓഗസ്റ്റ് 16ന് അന്തരിച്ച ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന വാജ്പേയിയുടെ വിലാപയാത്രയാണ് വ്യാജപ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പത്രിക സമര്‍പ്പിക്കാന്‍ പോകുമ്പോള്‍ അദ്ദേഹത്തെ പിന്തുടരുന്ന ജനക്കൂട്ട൦ എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. പ്രചാരണത്തിനായി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്നതിന് ഫെയ്‌സ്ബുക്ക് തയ്യാറാക്കിയ ഇന്ത്യന്‍ മാധ്യമ പാനലിലെ അംഗമായ ബൂംലൈവാണ് ഈ വീഡിയോ വ്യാജമാണെന്ന് കണ്ടെത്തിയത്.
ഓഗസ്റ്റ് 16-നാണ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അന്തരിച്ചത്. ഓഗസ്റ്റ് 17-നായിരുന്നു സംസ്‌കാരം. ഇതിന് മുന്നോടിയായാണ് വിലാപയാത്ര സംഘടിപ്പിച്ചത്. അന്നേദിവസം വിവിധ ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്ത വിലാപയാത്രയുടെ ദൃശ്യങ്ങളും ബൂലൈവ് പുറത്തുവിട്ടിട്ടുണ്ട്. ഇവ പരിശോധിച്ചാല്‍ മോദിയുടെ റോഡ് ഷോയെന്ന പേരില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളും വാജ്‌പേയിയുടെ വിലാപയാത്രയുടെ ദൃശ്യങ്ങളും ഒന്നാണെന്ന് കാണാം. ഇന്റര്‍നെറ്റിലും സാമൂഹികമാധ്യമങ്ങളിലും വ്യാജവാര്‍ത്തകള്‍ വ്യാപകമായതോടെയാണ് ബൂംലൈവ് അടക്കമുള്ള നെറ്റ് വര്‍ക്കുകള്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്.
ആയിരങ്ങള്‍ക്കിടയിലൂടെ മോദിയും അമിത് ഷായും നടന്നു നീങ്ങുന്നതാണ് വീഡിയോയിലുള്ളത്. ഒരു സിംഹം നടന്നു നീങ്ങുന്നത് എങ്ങനെയാണെന്ന് അസൂയാലുക്കള്‍ കണ്ണുതുറന്നു കാണൂ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. രണ്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ നിരവധി ബിജെപി അനുകൂല അക്കൗണ്ടുകള്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. വാജ്‌പേയിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്രയുടെ ദൃശ്യങ്ങളില്‍ മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ പങ്കെടുത്തിരുന്നു. ലോക് സഭാ തിരഞ്ഞെടുപ്പില്‍ മോദി മത്സരിക്കുന്ന വരാണസിയില്‍ അദ്ദേഹം ഇതുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. മെയ് 19നാണ് വരാണസിയില്‍ തിരഞ്ഞെടുപ്പ്.