Mon. Dec 23rd, 2024
ഡൽഹി:

ഗൂഗിളിന്റെ ആൻഡ്രോയിഡ് പ്ലേയ് സ്റ്റോറിൽ നിന്നും, ആപ്പിൾ സ്റ്റോറിൽ നിന്നും ‘ടിക് ടോക്ക്’ എന്ന മൊബൈൽ അപ്ലിക്കേഷൻ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. മദ്രാസ് ഹൈകോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാത്തതിനാൽ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ആവശ്യപ്പെട്ടത്. എന്നിരുന്നാലും, മുന്നേ ഇത് ഉപയോഗിക്കുന്നവർക്ക് പ്രശ്നമില്ല. പുതിയതായി ഡൌൺലോഡ് ചെയ്യാൻ ഇനി മുതൽ സാധിക്കില്ല. മദ്രാസ് ഹൈകോടതിയാണ് ഈ അപ്ലിക്കേഷൻ രാജ്യവ്യാപകമായി നിരോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടത്.

ഇന്ത്യയിൽ ടിക് ടോക്കിനു 12 കോടിയോളം ഉപഭോക്താക്കളുണ്ട് എന്നാണ് കണക്കാക്കുന്നത് .ലോകത്തു ഏകദേശം 50 കോടിയിലധികം ജനങ്ങൾ ടിക് ടോക് ഉപയോഗിക്കുന്നു.

സിനിമയിലെയും മറ്റും ശബ്ദരേഖൾക്കനുസൃതമായി ചുണ്ടുകളനക്കി അഭിനയിക്കാൻ കഴിയുന്ന ആപ്പായിരുന്നു ടിക് ടോക്. തുടക്കത്തിൽ ട്രോളുകൾക്കും മറ്റുമായാണ് ഈ അപ്ലിക്കേഷൻ ഉപയോഗിച്ചിരുന്നതെങ്കിൽ, ഇപ്പോൾ വ്യാപകമായി അനാവശ്യ വിഡിയോകളും അശ്‌ളീല വീഡിയോകളും പ്രചരിപ്പിക്കാനും ഈ അപ്ലിക്കേഷൻ ഉപയോഗിക്കുന്നതായി മദ്രാസ് ഹൈ കോടതി കണ്ടെത്തി. ഈ അപ്ലിക്കേഷൻ കുട്ടികൾക്ക് പറ്റിയതല്ലെന്നും കോടതി വിലയിരുത്തി. കൂടാതെ മാധ്യമങ്ങളിൽ ടിക് ടോക് രംഗങ്ങൾ പ്രദർശിപ്പിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

എന്നാൽ ഈ നിരോധനം അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നു കയറ്റമാണെന്ന് ടിക് ടോക്കിന്റെ പിന്നിലുള്ള ചൈനീസ് കമ്പനി ‘ബൈറ്റ് ഡാൻസ്’ പറഞ്ഞു. നിബന്ധനങ്ങൾക്കനുസൃതമായി അറുപതു ലക്ഷത്തിലധികം വീഡിയോകൾ കമ്പനി നീക്കം ചെയ്‌തെന്നും, ഈ തീരുമാനം കമ്പനിയെ മോശമായി ബാധിക്കുമെന്നും ഇതിന്റെ വക്താക്കൾ പറഞ്ഞു. ഉപഭോക്താക്കൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾക്ക് കമ്പനിക്ക് ഉത്തരവാദിത്വമില്ലായെന്നും ഇവർ വ്യക്തമാക്കി.” ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് വേണ്ടി ഇപ്പോഴുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും, പുതിയവ ഞങ്ങൾ അവതരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്.” എന്നും കമ്പനി വക്താക്കൾ അറിയിച്ചു.

കുറഞ്ഞ കാലയളവിൽ തന്നെ നിരവധി ടിക് ടോക് ഉപഭോക്താക്കളെ ലഭിച്ച രാജ്യമാണ് ഇന്ത്യ. ആൻഡ്രോയിഡ് പ്ലേയ് സ്റ്റോറിൽ നിന്നും ടിക് ടോക്കിനെ ഇതിനോടകം ഒഴിവാക്കിയിട്ടുണ്ട്. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് സർക്കാരും ടിക് ടോക് നിരോധിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *