ഭോപ്പാൽ :
മലേഗാവ് സ്ഫോടനക്കേസിലെ പ്രതി സാധ്വി പ്രഗ്യാസിംഗ് താക്കൂർ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. അവർ മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കും.കഴിഞ്ഞ മാസം തന്നെ ഭോപ്പാലിൽ മത്സരിക്കാൻ സാധ്വി പ്രഗ്യാ സിംഗ് താല്പര്യം പ്രകടിപ്പിച്ചതായി വാർത്തകൾ വന്നിരുന്നു.
ഭോപ്പാലിലെ ബി.ജെ.പി യുടെ സിറ്റിംഗ് എം.പി അലോക് സഞ്ചാർ ആയിരുന്നു. അദ്ദേഹത്തെ മാറ്റി നിർത്തിയാണ് കൂടുതൽ ഹിന്ദു വോട്ടുകൾ ലക്ഷ്യമിട്ട് ബി.ജെ.പി സാധ്വി പ്രഗ്യാ സിംഗിനെ സ്ഥാനാർത്ഥിയാക്കുന്നത്. പാർട്ടിയുടെ പരിപൂർണ്ണമായ പിന്തുണ പ്രഗ്യ സിംഗിന് ഉണ്ടാകുമെന്നു അലോക് പറഞ്ഞു. ഒരു സ്ത്രീയായ അവരെ മലേഗാവ് കേസിൽ കുടുക്കി പീഡിപ്പിക്കുകയായിരുന്നെന്നും, ഇപ്പോൾ അതിനൊക്കെ പ്രതികാരം ചെയ്യാനുള്ള അവസരമാണ് വന്നിട്ടുള്ളതെന്നും അലോക് കൂട്ടിച്ചേർത്തു.
ഭോപ്പാലിൽ ബിജെപിയുടെ മുതിർന്ന നേതാക്കളായ ശിവരാജ് സിംഗ് ചൗഹാനെയും രാംലാലിനെയും സന്ദർശിച്ചതിനു ശേഷമായിരുന്നു സാധ്വി പ്രഗ്യാ സിംഗ് ബി.ജെ.പിയിൽ ചേരുന്ന കാര്യം പ്രഖ്യാപിച്ചത്. മലേഗാവ് കേസിൽ പെടുന്നതിനു മുന്നേ തന്നെ അവർ എ.ബി.വി.പി യുടെയും, “ദുർഗ വാഹിനി” എന്ന വിശ്വഹിന്ദു പരിഷത്തിന്റെ സ്ത്രീ സംഘടനയുടെയും സജീവ പ്രവർത്തക ആയിരുന്നു.
2008 സെപ്തംബറിലായിരുന്നു മഹാരാഷ്ട്രയിലെ മലേഗാവില്‍ സ്‌ഫോടനമുണ്ടാകുന്നത്. സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ കേസിലെ മുഖ്യ കുറ്റാരോപിതയാണ് സ്വാധി പ്രഗ്യ. എന്‍.ഐ.എ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് 2016 ഓഗസ്റ്റില്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യം നല്‍കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് എന്‍.ഐ.എ ഹൈക്കോടതിയില്‍ അറിയിക്കുകയായിരുന്നു.ഉപാധികളോടെയാണ് സ്വാധിയ്ക്ക് ജാമ്യം നല്‍കിയിരിക്കുന്നത്.
പ്രമുഖ കോൺഗ്രസ്സ് നേതാവ് ദിഗ്‌വിജയ് സിംഗ് ആണ് ഭോപ്പാലിൽ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി. “സാധ്വി പ്രഗ്യാ സിംഗിനെ ഞാൻ ഭോപ്പാലിലേക്കു സ്വാഗതം ചെയ്യുന്നു. അവർക്ക് ഇവിടുത്തെ സമാധാനപൂർണ്ണവും, മാന്യവുമായ അന്തരീക്ഷം ഇഷ്ടപ്പെടും, അവർക്കു വേണ്ടി ഞാൻ നർമദാ ദേവിയോട് പ്രാർത്ഥിക്കുന്നു” എന്നായിരുന്നു ദിഗ്‌വിജയ് സിംഗിന്റെ പ്രതികരണം.