Wed. Jan 22nd, 2025

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ടം പിന്നിട്ടിട്ടും വോട്ടിങ് മെഷീനിനെ കുറിച്ചുള്ള ആശങ്കകള്‍ക്ക് അവസാനമില്ല. വി.വി.പാറ്റ് മെഷീന്റെ സുതാര്യത ഒരു ചോദ്യമായി തന്നെ അവശേഷിക്കുകയാണ്. 2014 തിരഞ്ഞെടുപ്പിന് ശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് വോട്ടിംഗ് യന്ത്രത്തില്‍ നടന്ന ക്രമക്കേടുകള്‍. ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവിൽ ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവകാശപ്പെട്ടു.

ഈ ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ ഏറെ സുരക്ഷയുള്ള വി.വി.പാറ്റ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം യൂ.പിയിലെ മുസാഫര്‍ നഗറിലേയും, ബിജ്നോര്‍ പോളിങ് ബൂത്തിലെയും വോട്ടര്‍മാര്‍ വോട്ടിംഗ് മെഷീനില്‍ ക്രമക്കേടുള്ളതായി പ്രിസൈഡിങ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എസ്.പി – ബി.എസ്.പി തുടങ്ങിയ പാര്‍ട്ടികളൂടെ സ്ഥാനാര്‍ത്ഥികള്‍ക്ക് ചെയ്യുന്ന വോട്ട് ബി.ജെ.പിക്കാണ് പോകുന്നത് എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ആന്ധ്രാ പ്രദേശ് സര്‍ക്കാറിന്റെ സാങ്കേതിക ഉപദേശകനായ ഹരി പ്രസാദ് വെമുരു 2010-ല്‍ ഇ.വി.എം മെഷീന്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയെ കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നത് വന്‍ വിവാദമായിരുന്നു. എന്നാല്‍ ഇതിനെ മറിക്കടക്കാനായി എന്നാല്‍ സര്‍ക്കാര്‍ ചെയ്തത് ഇ.വി.എം. മോഷ്ടിച്ചെന്ന വ്യാജ കേസ്സില്‍ കുരുക്കി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 8 ദിവസത്തെ ജയില്‍ ശിക്ഷക്ക് ശേഷം വീഡിയോ ചെയ്തതിന് പിന്നില്‍ ദുരൂഹ ഉദ്ദേശങ്ങള്‍ ഇല്ലയെന്നു കോടതിയില്‍ തെളിയിച്ചതിന് പിന്നാലെ ഇയാളെ വെറുതെ വിടുകയായിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യ തങ്ങളുടെ കുറവുകള്‍ ചൂണ്ടി കാണിക്കുന്നവരോട് ചെയ്യുന്നത് ഇങ്ങനെയാണ്.

ഹരി പ്രസാദ് വെമുരു ഇന്റര്‍നാഷണല്‍ ടെക് കമ്മ്യൂണിറ്റിയുടെ ഇലക്ട്രോണിക് ഫ്രോണ്ടിയര്‍ ഫൗണ്ടേഷന്റെ ‘പ്രെസ്റ്റീജ് പയനീയര്‍ 2010’ അവാര്‍ഡ് ജേതാവാണ്. വീറ്റ എന്ന അന്താരാഷ്ട്ര സംഘടനയുടെ സഹായത്തോടെയാണ് ഹരി പ്രസാദ് ഇ.വി.എം ഹാക്ക് ചെയ്യപ്പെടാം എന്ന് തെളിയിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിന് വേണ്ടി അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വീറ്റ. വീറ്റയുടെ സഹായത്തോടെ മറ്റു പല രാജ്യങ്ങളിലും വോട്ടിങ് യന്ത്ര ക്രമക്കേടുകള്‍ പരിഹരിക്കുന്നുണ്ട്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കൂന്ന വി.വി.പാറ്റ് മെഷീനുള്‍ക്ക് ഏറെ പ്രത്യേകതകളുണ്ട്. വി.വി.പാറ്റ് മെഷീനുകളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സമ്മതിദായകന്റെ പേരും വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും സ്‌ക്രീനില്‍ 7 സെക്കന്‍ഡ് പ്രദര്‍ശിപ്പിക്കും. ഇത് വോട്ടര്‍ക്ക് തങ്ങള്‍ ചെയ്ത വോട്ട് ആര്‍ക്കാണെന്ന് ഉറപ്പു വരുത്താന്‍ സഹായിക്കും. തിരഞ്ഞെടുപ്പ് ഫലം വന്ന് 45 ദിവസം വരെ രസീതുകള്‍ സൂക്ഷിക്കുകയും സംശയമോ ആരോപണമോ ഉയര്‍ന്നാല്‍ വീണ്ടും രശീതുകള്‍ എണ്ണി നോക്കാവുന്നതുമാണ്.

എന്നാല്‍ ചില വോട്ടുകള്‍ക്ക് ശേഷം 7 സെക്കന്‍ഡും, ചില വോട്ടുകള്‍ക്ക് ശേഷം 3 സെക്കന്‍ഡും മാത്രമാണ് പ്രദര്‍ശിപ്പിക്കുന്നത് എന്ന് വീഡിയോ സഹിതം ഹരി പ്രസാദ് ഇപ്പോള്‍ ട്വിറ്ററില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് വീണ്ടും ക്രമക്കേടുകള്‍ നടക്കുന്നുണ്ട് എന്നതിന് തെളിവാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സമ്മതിദായകന്റെ പേരില്‍ മറ്റൊരു വോട്ട് ചെയ്യാന്‍ സമയം ലഭിക്കുന്നു എന്നാണ് അദ്ദേഹം അവകാശപെടുന്നത്.

ഹരി പ്രസാദ് വെമുരു ട്വിറ്ററിലൂടെ ഉന്നയിക്കുന്ന മറ്റൊരു ചോദ്യം ഇ.വി.എം മെഷീനുകളുടെ ഉള്ളിലുള്ള സ്റ്റീല്‍ കവറുകള്‍ മാറ്റി അലുമിനിയം കവറുകള്‍ സ്ഥാപിക്കാന്‍ 2018 നവംബറില്‍ ഇലക്ഷന്‍ കമ്മീഷന്‍, ഇ.വി എം നിര്‍മാതാക്കളായ ഭാരത് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ മേധാവികള്‍ക്ക് കത്തെഴുതിയത് എന്തിനായിരുന്നു എന്നതാണ്. ഇതിന്റെ കാരണം വ്യക്തമാക്കാന്‍ സാങ്കേതിക വിദഗ്ദ്ധ സമിതിക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *