ഇരിട്ടി:
കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത അങ്ങാടിക്കടവിൽ വൈദികനെ മുറിയിൽ പൂട്ടിയിട്ടു. തലശ്ശേരി രൂപതയ്ക്ക് കീഴിലുള്ള അങ്ങാടിക്കടവ് സേക്രഡ്ഹാർട്ട് പള്ളിയിലെ ഇടവക വികാരിയായ ഫാദർ മുല്ലക്കര ജോണിനെയാണ് വിശ്വാസികൾ ചേർന്ന് മുറിയിലടച്ചത്. ഓശാന ഞായറാഴ്ച നടന്ന കുർബ്ബാനയ്ക്ക് ശേഷമാണ് സംഭവം. കുർബ്ബാനയ്ക്ക് ഇടയിൽ വിശ്വാസികളെ അധിക്ഷേപിക്കുന്ന രീതിയിലാണ് വികാരി സംസാരിച്ചത്. ഇതാണ് വിശ്വാസികളെ പ്രകോപിപ്പിച്ചത്.
ഇടവക ജനങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇയാൾ ഭരണം നടത്തിയത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൈക്കാരൻമാരെ അംഗീകരിക്കില്ലെന്നും, ഇതിലും വലിയ താപ്പാനകളെ താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം ഇടയ്ക്കിടെ പറയാറുണ്ട്. കുർബ്ബാന പ്രസംഗത്തിലുടനീളം ഇദ്ദേഹം ജനങ്ങളെ കളിയാക്കുകയും, ഇതിലും ഭേദം പട്ടിയെ വളർത്തുന്നതാണെന്ന് പറയുകയും, അങ്ങനെ ആണെങ്കിൽ അതിനുള്ള നന്ദിയെങ്കിലും കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് വിശ്വാസികൾ പള്ളി മുറ്റത്തു തടിച്ചു കൂടുകയും, പ്രതിഷേധിക്കുകയും ചെയ്തു. വിശ്വാസികൾ രോഷാകുലരാണെന്നു മനസിലാക്കിയ വികാരിയച്ചൻ, പിൻ വശത്തൂടെ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ആൾക്കൂട്ടം ബലമായി തടഞ്ഞു വെയ്ക്കുകയും, മുറിയിൽ പൂട്ടിയിടുകയും ചെയ്തു. തുടർന്ന് പ്രദേശത്തെ മറ്റു പള്ളികളിലെ വൈദികരും ഫെറോന വികാരിയും ഇടപെടുകയും ജനങ്ങളെ ശാന്തരാക്കുകയുമായിരുന്നു. ഇനി ഇയാളെ വികാരിയായി ഇവിടെ തുടരാൻ അനുവദിക്കില്ലെന്ന് ജനങ്ങൾ തീർത്തു പറഞ്ഞു. ഒടുവിൽ ഇവിടെ തുടരില്ലെന്നു മുല്ലക്കര നൽകിയ ഉറപ്പിൽ മുറി തുറന്നു വിട്ടയച്ചു.