Fri. Nov 22nd, 2024
ന്യൂഡൽഹി:

അടുത്ത മാസം ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിനോടൊപ്പം വിവാദങ്ങളും തലപൊക്കുന്നു. ഫോമിലുള്ള അമ്പാട്ടി റായുഡുവിനേയും, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനേയും ടീമിൽ ഉൾപ്പെടുത്താത്തതാണ് വിവാദത്തിനു കാരണം.

ടീമിൽ ഇടം നേടുമെന്ന പ്രതീക്ഷിക്കപ്പെട്ടിരുന്ന യുവതാരം ഋഷഭ് പന്തിനെ തഴഞ്ഞ സെലക്ടർമാർ, ദിനേഷ് കാർത്തിക്കിനാണ് രണ്ടാം വിക്കറ്റ് കീപ്പറായി അവസരം നൽകിയത്. സ്ഥിരതയുള്ള പ്രകടനം നടത്തുന്ന അജിൻക്യ രഹാനയെയും പരിഗണിച്ചില്ല.

മുൻ ഇന്ത്യൻ താരം കൂടിയായ എം.എസ്.കെ. പ്രസാദ് അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയാണ് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. സരൺദീപ് സിങ്, ദെബാങ് ഗാന്ധി, ജതിൻ പരാഞ്ജ്പെ, ഗഗൻ ഘോഡ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

ഏറെക്കാലമായി ഇന്ത്യൻ ടീമിനെ കുഴക്കിയിരുന്ന നാലാം നമ്പർ ബാറ്റിങ് പൊസിഷനിലേക്കു പരിഗണിച്ചിരുന്ന താരങ്ങളാണ് ഋഷഭ് പന്തും, അമ്പാട്ടി റായുഡുവും.ഇവരെ ടീമില്‍ ഉള്‍പ്പെടുത്താത്തിനെതിരെ ആരാധകരും മുന്‍ താരങ്ങളുമടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ലോകകപ്പ് ടീമില്‍ വിജയ് ശങ്കറിന് പകരം ഋഷഭ് പന്തിനേയും ദിനേശ് കാര്‍ത്തിക്കിനേയും ഉള്‍പ്പെടുത്തണമെന്നു മുൻ ഇന്ത്യൻ താരം അജയ് ജഡേജ പറഞ്ഞു. ടീം തിരഞ്ഞെടുപ്പിനു മുൻപു തന്നെ പന്തിനെ ടീമിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് മുൻ താരങ്ങളായ സൗരവ് ഗാംഗുലി, വീരേന്ദർ സേവാഗ്, റിക്കി പോണ്ടിങ് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.

“ഋഷഭ് പന്ത് ഇല്ലാത്ത ടീം ഇന്ത്യയുടെ വിവേക ശൂന്യമായ സെലക്ഷൻ ആയിപ്പോയി” എന്നാണ് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കിൾ വോൺ പ്രതികരിച്ചത്.


വിക്കറ്റ് കീപ്പിംഗിലെ പോരായ്മയാണ് ഋഷഭ് പന്തിനെ ഒഴിവാക്കാൻ കാരണമായി സെലക്ഷൻ കമ്മിറ്റി പറയുന്നത്. ധോണി ടീമിൽ ഉള്ളതുകൊണ്ട് അദ്ദേഹമായിരിക്കും വിക്കറ്റ് കീപ്പർ. അദ്ദേഹത്തിന് പരിക്ക് പറ്റിയാൽ മാത്രമേ മറ്റൊരു വിക്കറ്റ് കീപ്പർ ടീമിന് ആവശ്യമായി വരികയുള്ളു. ആ സമയത്തു ബാറ്റിംഗിനേക്കാൾ കീപ്പിംഗ് മികവാണ് മാനദണ്ഡം എന്നതുകൊണ്ടാണ് ദിനേശ് കാർത്തികിനെ ടീമിലെടുത്തതെന്നാണ് സെലക്ഷൻ കമ്മിറ്റിയുടെ ന്യായീകരണം.

പക്ഷെ വെടിക്കെട്ടു ബാറ്റ്സ്മാനായ ഋഷഭ് പന്തിനെ, ധോണി ടീമിൽ ഉണ്ടെങ്കിൽ പോലും സ്‌പെഷലിസ്റ്റ് ബാറ്റ്സ്മാനായി നാലാം നമ്പറിലോ ഓപണർ ആയി പോലുമോ കളിപ്പിക്കാൻ സാധിക്കും എന്നാണ് പന്തിനെ അനുകൂലിക്കുന്നവർ വാദിക്കുന്നത്.

ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെക്കാളും ശരാശരിയുള്ള ബാറ്റ്സ്മാനായ റായുഡു ഇന്ത്യന്‍ സംഘത്തിനൊപ്പം വേണ്ട എന്ന നിങ്ങള്‍ കരുതുന്നുണ്ടോയെന്ന ചോദ്യമാണ് ഐ.സി.സി ട്വിറ്ററിലൂടെ ഉയര്‍ത്തിയിരിക്കുന്നത്.ആദ്യ 20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ശരാശരിയുള്ള ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് റായുഡു ഉള്ളതെന്നും ഐ.സി.സി ചൂണ്ടികാട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ 47.05 ശരാശരിയുമായി റായുഡു നാലാം സ്ഥാനത്തുളളപ്പോള്‍ 44.83 ശരാശരിയുള്ള സച്ചിന്‍ അഞ്ചാം സ്ഥാനത്താണ്.

വിരാട് കോലി നയിക്കുന്ന ടീമില്‍ രോഹിത് ശര്‍മ്മയും, ശിഖര്‍ ധവാനുമാണ് ഓപ്പണര്‍മാര്‍. റിസര്‍വ് ഓപ്പണറായി കെ. എല്‍ രാഹുലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓള്‍റൗണ്ടര്‍മാരായി വിജയ് ശങ്കറും, ഹര്‍ദിക് പാണ്ഡ്യയും ഇടംപിടിച്ചു. കേദാര്‍ ജാദവും എം.എസ് ധോണിയും മധ്യനിരയില്‍ സ്ഥാനം ഉറപ്പിച്ചപ്പോള്‍ ചാഹലും കുല്‍ദീപും ജഡേജയുമാണ് ടീമിലെ സ്‌പിന്നര്‍മാര്‍. ഐ.പി.എല്ലില്‍ തിളങ്ങിയെങ്കിലും അപ്രതീക്ഷിതമാണ് ജഡേജയുടെ ടീം പ്രവേശം. ബുംറയും, ഭുവിയും, ഷമിയുമാണ് ടീമിലെ പേസര്‍മാര്‍. നാലാം നമ്പറില്‍ ആര് വരുമെന്ന സര്‍പ്രൈസ് ഇപ്പോഴും ബാക്കില്‍ക്കുകയാണ്.

ടീം പ്രഖ്യാപനത്തിനുള്ള അവസാന ദിനമായ ഏപ്രിൽ 23 വരെ ഐ.സി.സി യുടെ അനുവാദം കൂടാതെ തന്നെ ടീമിൽ മാറ്റം വരുത്താൻ സൗകര്യമുണ്ട്. അതിനാൽ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സെലക്ഷൻ കമ്മിറ്റി വീണ്ടും ടീമിൽ മാറ്റം വരുത്തുമോ എന്ന് ഉറ്റു നോക്കുകയാണ് ക്രിക്കറ്റ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *