ലക്‌നോ:
ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ശത്രുഘൻ സിൻഹയുടെ ഭാര്യ പൂനം സിൻഹ സമാജ് വാദി പാർട്ടിയിൽ ചേർന്നു. ലക്‌നോവിൽ നടന്ന ചടങ്ങിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് ആണ് പൂനം സിൻഹയെ സമാജ്‌വാദി പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
മഹാസഖ്യത്തിന്റെയും കോൺഗ്രസിന്‍റെയും സംയുക്ത സ്ഥാനാർഥിയായി ഉത്തർപ്രദേശിലെ ലക്‌നോവിൽ നിന്ന് പൂനം സിൻഹ മത്സരിച്ചേക്കും. മുൻ മോഡലും, നടിയും കൂടിയാണ് പൂനം സിൻഹ. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗാണ് ലക്‌നോവിൽ ബി.ജെ.പി സ്ഥാനാർത്ഥി.
ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ ശത്രുഘൻ സിൻഹയെ ബിഹാറിലെ പാട്നാ സാഹിബ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ലക്‌നോ സീറ്റ് ബി.ജെ.പിയുടെ അഭിമാന പ്രശ്നമാണ്. 1991 മുതൽ അവിടെ അടൽ ബിഹാരി വാജ്‌പേയിയും 2009 മുതൽ രാജ് നാഥ് സിംഗുമാണ് അവിടെ വിജയിച്ചു വരുന്നത്. 2014 ഇൽ കോൺഗ്രസ്സിന്റെ റീത്ത ബഹുഗുണ ജോഷിയെ രണ്ടു ലക്ഷത്തിലധികം വോട്ടുകൾക്കായിരുന്നു രാജ് നാഥ് സിങ് തോൽപ്പിച്ചത്. പക്ഷെ അന്ന് എസ്.പി, ബി.എസ്.പി, കോൺഗ്രസ്സ് പാർട്ടികൾ ഒറ്റക്കായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. അവിടെയാണ് ഇക്കുറി പൂനം സിൻഹയെ പ്രതിപക്ഷ കക്ഷികൾ സംയുക്ത സ്ഥാനാർത്ഥി ആയി അവതരിപ്പിക്കുന്നത്.
ശത്രുഘൻ സിൻഹ കോൺഗ്രസിലേക്ക് വന്നതിനാൽ കോൺഗ്രസ്സ് ലക്‌നോവിൽ പൂനം സിൻഹയ്ക് എതിരായി സ്ഥാനാർത്ഥിയെ നിർത്തില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.