പാരീസ് :
ഫ്രാൻസിലെ പുരാതന ദേവാലയമായ നോത്രദാം കത്തീഡ്രലിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെ വൻ തീപിടുത്തം. നൂറ്റാണ്ടുകൾ പഴക്കമുള്ള കത്തീഡ്രലിന്റെ മേൽക്കൂരയിൽനിന്നു ഉയർന്ന തീ പെട്ടെന്നു തന്നെ ഗോപുരത്തിലേക്കു പടരുകയായിരുന്നു. ഗോപുരം കത്തിനശിച്ചു. ദേവാലയത്തിന്റെ മറ്റു പ്രധാന ഭാഗങ്ങൾ തീപിടിത്തത്തിൽനിന്ന് രക്ഷിക്കാൻ സാധിച്ചെന്നാണ് റിപ്പോർട്ടുകൾ.
https://twitter.com/i/status/1117967861723455488
പ്രശസ്തമായ ഫ്രഞ്ച് ഗോത്തിക് ആർക്കിടെക്ചറിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ കത്തീഡ്രൽ. തീർത്ഥാടന കേന്ദ്രം എന്നതിലുപരി ലോകത്തിൽ ഏറ്റവും കൂടുതൽ പേർ സന്ദർശനത്തിനെത്തുന്ന കെട്ടിടങ്ങളിലൊന്നുമാണിത്. ദിവസത്തിൽ 35,000 പേർ എത്തിയിരുന്നു. “നോത്ര ദാം” എന്നാൽ “ഔവർ ലേഡി” എന്നാണ് അർത്ഥം. അതുല്യമായ കലാരൂപങ്ങളുടെയും പെയിന്റിങ്ങുകളും ഈ കത്തീഡ്രലിനെ അലങ്കരിച്ചിരുന്നു. അവ കൂടിയാണ് അഗ്‌നിബാധയിൽ നശിച്ചിരിക്കുന്നത്. തങ്ങളുടെ പൈതൃക ശേഷിപ്പ് ഒരു പിടി ചാരമാകുന്ന കാഴ്ച കണ്ട് പാരീസ് നിവാസികളിൽ നിരവധി പേർ ഞെട്ടിത്തരിച്ച് നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.
യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച് നൂറ്റാണ്ടുകൾ ഫ്രാൻസിന്റെ പ്രതീകമായി നിന്ന കെട്ടിടമാണ് നോത്രദാം ദേവാലയം. ഏതാണ്ട് 200 വർഷം നീണ്ട പണികൾക്കുശേഷം 12ാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ദേവാലയം പൂർത്തിയായത്. 18ാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവ സമയത്ത് ദേവാലയം നശിപ്പിക്കപ്പെട്ടിരുന്നു. രണ്ടു ലോക മഹായുദ്ധങ്ങളെയും ദേവാലയം അതിജീവിച്ചിരുന്നു.
അതേസമയം, ദേവാലയം പുനർനിർമിക്കുമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. കത്തീഡ്രലിന്റെ പുനർനിർമ്മാണം തുടങ്ങാൻ ലോകത്തെ ഏറ്റവും മികച്ച് ആർക്കിടെക്ടുമാരെ മാക്രോൺ ഫ്രാൻസിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. നോത്രദാം കത്തീഡ്രലിനെ പുനർനിർമ്മിക്കുന്നതിനായി ഇന്ന് മുതൽ നാഷണൽ ഫണ്ട് റൈസിംഗ് ക്യാംപയിൻ ആരംഭിക്കുമെന്നാണ് ഇന്നലെ കത്തീഡ്രലിന് മുന്നിൽ നിന്നും ലോക മാധ്യമങ്ങളോട് സംസാരിക്കവെ പ്രസിഡന്റ് മാക്രോൺ അറിയിച്ചിരിക്കുന്നത്.
400ൽ പരം അഗ്നിശമനസേനാ പ്രവർത്തകർ ഒന്നിച്ചു പ്രവർത്തിച്ചാണു തീയണച്ചത്. ചരിത്രപ്രസിദ്ധമായ കത്തീഡ്രൽ അഗ്‌നിയിൽ അമർന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ഏറെ ആധുനിക സംവിധാനങ്ങളുണ്ടായിട്ടും ഇവിടെ പടർന്ന് പിടിച്ച അഗ്‌നി വേഗത്തിൽ കെടുത്താൻ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന ചോദ്യമാണ് ഇതിൽ മുഖ്യമായും ഉയരുന്നത്.