Mon. Dec 23rd, 2024
പാരീസ്:

പാരിസിലെ നോത്രദാം കത്തീഡ്രലിലുണ്ടായ തീപിടുത്തത്തിൽ 69 മീറ്റര്‍ ഉയരമുള്ള കത്തീഡ്രലിന്റെ പ്രധാന ഗോപുരം പൂര്‍ണമായും കത്തി നശിച്ചു. പള്ളിയുടെ രണ്ട് പ്രധാന ഗോപുരങ്ങളിലേക്ക് തീയെത്താതെ തടഞ്ഞതായി അധികൃതര്‍ അറിയിച്ചു. ആരുടെയും ജീവന്‍ നഷ്ടപ്പെട്ടതായോ പരുക്കുകളേറ്റതായോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

850 വര്‍ഷം പഴക്കമുള്ള പള്ളിയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. തൊഴിലാളികളുടെ കൈയില്‍ നിന്നുണ്ടായ പിഴവാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ഈഫല്‍ ഗോപുരം കഴിഞ്ഞാല്‍ ഫ്രാന്‍സിലെ ഏറ്റവും പ്രധാനപ്പെട്ട നിര്‍മിതികളില്‍ ഒന്നാണ് നോത്രദാം കത്തീഡ്രല്‍. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടിതിന്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്ന പരിപാടി മാറ്റിവച്ചു. നോത്രദാം നമ്മുടെ ചരിത്രമാണെന്നും പുന:സ്ഥാപിക്കുമെന്നും മാക്രോണ്‍ പ്രഖ്യാപിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ കത്തോലിക്ക ദൈവാലയങ്ങളില്‍ പ്രമുഖ സ്ഥാനമാണ് പാരീസിലുള്ള ഈ കത്തീഡ്രലിന്.സെയിന്‍ നദിക്കരയിലാണ് ‘നോത്രദാം ഡി പാരീസ്’ അഥവാ ‘അവര്‍ ലേഡി ഓഫ് പാരീസ്’ എന്ന കാത്തലിക് കത്തീഡ്രല്‍ സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് 200 വര്‍ഷം നീണ്ട പണികള്‍ക്കുശേഷം 12ാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ദേവാലയം തുറന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലും പള്ളി ഇടം നേടിയിട്ടുണ്ട്. ഫ്രഞ്ച് ഗോഥിക് നിര്‍മ്മാണരീതിയില്‍ പണികഴിപ്പിച്ചിരിക്കുന്ന ഈ ദൈവാലയത്തിന് 387 പടികളാണുള്ളത്. സതേണ്‍ ഗോപുരത്തിലുള്ള ഇമ്മാനുവല്‍ ബെല്‍ എന്നറിയപ്പെടുന്ന 15 ടണ്‍ ഭാരമുള്ള മണിയും ഈ ദൈവാലയത്തെ മറ്റ് ദൈവാലയങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന സവിശേഷതകളാണ്. പള്ളിയില്‍ നേര്‍ച്ചയായി കിട്ടിയ വിലപിടിപ്പുള്ള സാധനങ്ങളും, പഴയകാലത്തെ സാധന സാമഗ്രികളും സൂക്ഷിച്ചിരിക്കുന്ന ഒരു കലവറയുണ്ട്. പള്ളിമേടയില്‍ കയറിയാല്‍ പാരിസ് നഗരം മുഴുവന്‍ കാണാനാകുമെന്നതിനാല്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രവുമാകുന്നു ഈ കത്തീഡ്രല്‍.

യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച് നൂറ്റാണ്ടുകള്‍ ഫ്രാന്‍സിന്റെ പ്രതീകമായി നിന്ന ആരാധനാലയം ഫ്രഞ്ച് ജനതയുടെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെ കൂടി ഭാഗമാണ്. കലാ ചാരുതയ്ക്കും കീര്‍ത്തികേട്ടതാണ് നോത്രദാം ദേവാലയം ചരിത്രത്തിന്റെ പല ഏടുകളിലും നിര്‍ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1804 ഡിസംബര്‍ രണ്ടാം തീയതി നെപ്പോളിയന്റെ കിരീടധാരണം ഇവിടെ വെച്ചാണ് നടന്നത്. ജാക്വിസ് ലൂയിസ് ഡേവിസ് എന്ന ഫ്രഞ്ച് കലാകാരന്‍ ചിത്രീകരിച്ച് കിരീടധാരണം ലുവ്റേ മ്യൂസിയത്തില്‍ പെയിന്റിങ്ങുകളുടെ കൂട്ടത്തില്‍ കാണാം. അനേകം സാഹിത്യകൃതികളിലും ഈ കത്ത്രീഡല്‍ വിഷയമായിട്ടുണ്ട്.

ഫ്രഞ്ച് വിപ്ലവകാലത്ത് ഇവിടുത്തെ പല ശില്പങ്ങളും മറ്റും വികലമാക്കപ്പെടുയും നശിപ്പിക്കപ്പെടുകയും ചെയ്തുവെങ്കിലും പിന്നീട് പുനരുദ്ധാരണം നടന്നു. പുരാതന രീതിയെ തച്ചുടച്ചുകൊണ്ടുള്ള പുനരുദ്ധാരണം പാരീസിലെ ഒരു വിഭാഗം ജനങ്ങളില്‍ അസംതൃപ്തി ഉണ്ടാക്കി. അക്കൂട്ടത്തില്‍ ഉള്‍പെട്ട വ്യക്തിയായിരുന്നു, വിശ്വപ്രശസ്ത ഫ്രഞ്ച് സാഹിത്യകാരന്‍ വിക്ടര്‍ ഹ്യൂഗോ. അദ്ദേഹത്തിന്റെ 1931 ല്‍ പ്രസിദ്ധീകരിച്ച നോത്രദാമിലെ കൂനന്‍ എന്ന വിഖ്യാതകൃതിയില്‍ നോത്രദാമിലെ പഴയ രൂപത്തിലുള്ള ഈ പള്ളിയും ഇടം പിടിച്ചിരുന്നു. അവഗണിക്കപ്പെട്ടിരുന്ന ഗോത്തിക് ആര്‍കിടെക്ചറിനെ കുറിച്ച് പൊതുജനങ്ങളില്‍ ഒരവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യം. ഈ നോവലിനെ തുടര്‍ന്ന് പാരീസില്‍ ജനങ്ങളില്‍ ഗോത്തിക് ആര്‍കിടെക്ചറിനോടും പുരാതന കലാസംസ്‌കൃതിയോടും ഉള്ള താല്പര്യം വര്‍ധിച്ചു. പിന്നീട് പാരീസ് നഗരത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ഈ മാറ്റം കാണാനായി. 1845 മുതല്‍ ഏറ്റവും അവസാനം 1990 വരെ നോത്രദാം കത്തീഡ്രലില്‍ നടന്ന പുനരുദ്ധാരണ പ്രവൃത്തികളിലും പഴയ ഫ്രഞ്ച്-ഗോത്തിക് രീതിയാണ് പിന്തുടര്‍ന്നത്.

നഗരത്തിലെ മറ്റു ദേവാലങ്ങള്‍ എല്ലാം അപകടത്തെ തുടര്‍ന്ന് കൂട്ടമണി മുഴക്കി. നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന പ്രധാനകേന്ദ്രം കൂടിയാണ് കത്തീഡ്രല്‍. സമീപകാലത്ത് ഫ്രാന്‍സിലെ ചില ദേവാലങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സംഭവത്തെ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നത്. ഫ്രാങ്കോയിസ് ഹെന്റി എന്ന ഫ്രഞ്ച് ബില്യനെയര്‍ പുനര്‍നിര്‍മ്മാണത്തിനായി 100 മില്ല്യന്‍ യുറോയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *