കോട്ടയം:
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏപ്രില്‍ 16ന് കോട്ടയത്ത് എത്തും. അന്തരിച്ച കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ വീട് സന്ദര്‍ശിക്കുവാനാണ് അദ്ദേഹം കോട്ടയത്ത് എത്തുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും രാഹുല്‍ പാലായിലെ കരിങ്ങോഴക്കല്‍ തറവാട്ടില്‍ എത്തുന്നത്. പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി എത്തുന്നത്.
കോട്ടയത്തെ സന്ദര്‍ശനം കഴിഞ്ഞ് രാഹുല്‍ ഗാന്ധി 17ന് വണ്ടൂരിലെത്തും. വന്‍ജനാവലിയെ കാത്തുള്ള വേദിയുടെ പ്രവര്‍ത്തി വണ്ടൂരില്‍ പുരോഗമിക്കുകയാണ്. എസ്.പി.ജിയുടെഫന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സുരക്ഷ സംവിധാനങ്ങള്‍ വിലയിരുത്താന്‍ വണ്ടൂരിലെത്തി. വയനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി രാഹുല്‍ ഗാന്ധി എത്തിയ അന്നു മുതല്‍ വോട്ടു ചോദിക്കാന്‍ രാഹുല്‍ എത്തുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും. പൊതു യോഗങ്ങളില്‍ രാഹുല്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. തിരുവമ്പാടിയിലെ പൊതുയോഗത്തിനു ശേഷം റോഡ് മാര്‍ഗം അരീക്കോട്,എടവണ്ണ വഴി നാലു മണിക്ക് രാഹുല്‍ വണ്ടൂരിലെത്തുമെന്നാണ് കരുതുന്നത്.
രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥികളില്‍ ഒരാളായ രാഹുലിന്‍റെ തിരുവാമ്പാടി മുതല്‍ വണ്ടൂര്‍ വരെയുള്ള യാത്ര പതിനായിരങ്ങളെ അണിനിരത്തിയുള്ള റോഡ് ഷോ ആയി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. വണ്ടൂരില്‍ സിയന്ന ബൈപ്പാസിലുള്ള വയലിലാണ് വേദി ഒരുക്കുന്നത്. മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ നിലമൊരുക്കുന്ന പ്രവര്‍ത്തിയാണ് പൂര്‍ത്തിയായി കൊണ്ടിരിക്കുന്നത്. എസ്.പി.ജെയുടെ ഉന്നത ഉദ്യോസ്ഥരടക്കമുള്ള സംഘമാണ് സ്ഥലത്തെത്തി സുരക്ഷ ക്രമീകരണങ്ങളും വേദിയുടെ ഭൂമി ശാസ്ത്രപരമായ കിടപ്പുമെല്ലാം പരിശോധിച്ചത്. 1955ല്‍ നെഹ്‌റു വണ്ടൂരിലെത്തിയതിനു ശേഷം നെഹ്‌റു കുടുംബത്തില്‍ നിന്നും മറ്റൊരാള്‍ വണ്ടൂരിലെത്തുന്നത് ഇതാദ്യമായാണ്. ചരിത്ര മുഹൂര്‍ത്തത്തിനു കാത്തിരിക്കുകയാണ് പ്രവര്‍ത്തകരോരുത്തരും.