തിരുവനന്തപുരം:
ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പ്രത്യേക ആപ്ലിക്കേഷനുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പി.ഡബ്ല്യു.ഡി (പേഴ്‌സണ്‍ വിത്ത് ഡിസെബിലിറ്റി) എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ആപ്ലിക്കേഷന്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. തങ്ങള്‍ക്കുള്ള പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതിനും സേവനങ്ങള്‍ ആവശ്യപ്പെടുന്നതിനുമുള്ള സൗകര്യം ഈ ആപ്പില്‍ ലഭ്യമായിരിക്കും.
പി.ഡബ്ല്യു.ഡി വോട്ടര്‍ എന്ന നിലയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും നിലവിലെ വോട്ടര്‍ ലിസ്റ്റില്‍നിന്ന് പി.ഡബ്ല്യു.ഡി വോട്ടര്‍ ആകുന്നതിനുമുള്ള സൗകര്യവും ഇതു വഴി ലഭ്യമാകും. അനുയോജ്യമായ പോളിംഗ് സ്‌റ്റേഷന്‍ ലഭ്യമാക്കുന്നതിനും പ്രത്യേകമായ ക്യൂ ഒരുക്കുന്നതിനുമെല്ലാം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കമ്മീഷന്‍ സൗകര്യമൊരുക്കും.
വീല്‍ച്ചെയര്‍ ആവശ്യമുള്ളവര്‍ക്ക് ഇതിലൂടെ ആവശ്യപ്പെടാനും പോളിംഗ് ബൂത്ത് എവിടെയാണെന്ന് കണ്ടെത്തുന്നതിനും നാവിഗേഷന്‍ സെറ്റ് ചെയ്യുന്നതിനും ആപ്ലിക്കേഷന്‍ വഴി സാധിക്കും. 3094 ഭിന്നശേഷി വോട്ടര്‍മാര്‍ക്കുള്ള വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.