കോട്ടയം:
ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസിലെ പ്രധാന സാക്ഷി സിസ്റ്റര്‍ ലിസി വടക്കേലിന് പ്രത്യേക സുരക്ഷ നല്‍കാന്‍ വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ അതോറിറ്റി ഉത്തരവ്. കേരളത്തില്‍ ആദ്യമായാണ് സാക്ഷിക്ക് സുരക്ഷയൊരുക്കാന്‍ അതോറിറ്റി ഉത്തരവിടുന്നത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അംഗമായ സിസ്റ്റര്‍ ലിസി മൂവാറ്റുപുഴ ജ്യോതിഭവനിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇവിടെ ഇവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ മൂവാറ്റുപുഴ ഡിവൈ.എസ്.പിക്ക് കോട്ടയം വിറ്റ്‌നെസ് പ്രൊട്ടക്ഷന്‍ അതോറിറ്റി നിര്‍ദേശം നല്‍കി.
വിചാരണ ആരംഭിക്കുമ്പോള്‍ കോട്ടയത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് ഇവരെ മാറ്റാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനുള്ള നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയം ആര്‍പ്പൂക്കരയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ലിസിയെ പാര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയ ശേഷം മാത്രം ലിസിയെ ഇവിടേക്ക് മാറ്റും.
2018 ഡിസംബര്‍ ആഞ്ചിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിറ്റ്നെസ് പ്രൊട്ടക്ഷന്‍ സ്‌കീം പ്രകാരം ഇന്ത്യയില്‍ ഉണ്ടാകുന്ന ആദ്യ ഉത്തരവാണിതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അപായസാധ്യത നിലനില്‍ക്കുന്നതും കരുതല്‍ വേണ്ടതുമായ ഗ്രൂപ്പിലാണ് സിസ്റ്റര്‍ ലിസി വടക്കേലിനെ അതോറിറ്റി പരിഗണിച്ചിരിക്കുന്നത്. കോടതികളില്‍ മൊഴി നല്‍കുന്ന സാക്ഷികളുടെ സംരക്ഷണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ പദ്ധതിയുടെ കരട് സുപ്രീംകോടതി അംഗീകരിച്ചിരുന്നു. പാര്‍ലെമന്റിൽ അവതരിപ്പിച്ച് ഇത് നിയമമാകുന്നതുവരെ കാത്തിരിക്കാതെ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.