ന്യൂഡല്‍ഹി:
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിന് മുന്‍പ് ഓരോ മണ്‌ഡലത്തിലെയും 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ഇക്കാര്യത്തില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചു. ഒരു മണ്ഡലത്തില്‍ നിന്നുള്ള അഞ്ച് ബൂത്തുകളിലെ വിവിപാറ്റുകള്‍ മാത്രം എണ്ണണമെന്ന സുപ്രീം കോടതി ഉത്തരവില്‍ തങ്ങള്‍ക്ക് തൃപ്‌തിയില്ല. ഫലപ്രഖ്യാപനം വൈകുമെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.
നേരത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് പോളിംഗ് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദ്ദേശിച്ചിരുന്നു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഒരു ബൂത്തിലെ വിവിപാറ്റ് സ്ളിപ്പുകള്‍ എണ്ണാനായിരുന്നു കമ്മിഷന്‍ നേരത്തേ തീരുമാനിച്ചിരുന്നത്. വലിയതോതില്‍ മാനവ വിഭവശേഷിയും അടിസ്ഥാന സൗകര്യവും വേണമെന്നതിനാല്‍ 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന 21 പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.