ന്യൂഡല്‍ഹി:
രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്‍റെ അവസാനവട്ട പ്രചാരണത്തിലേക്ക് കടന്ന് രാഷ്ട്രീയപാര്‍ട്ടികള്‍. വ്യാഴാഴ്ച്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. രണ്ട് ദിവസം മാത്രമാണ് പരസ്യപ്രചാരണത്തിന് ഇനി ബാക്കിയുള്ളത്. 12 സ്ഥാനങ്ങളിളും പുതു ച്ചേരിയിലുമായി 97 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് 18ന് നടക്കുക. തമിഴ്‌നാട്ടിലെ 39 ലോക്‌സഭ മണ്ഡലങ്ങളും, കര്‍ണാകയില്‍ 28 മണ്ഡലങ്ങളില്‍ 14 മണ്ഡലങ്ങളും ഉള്‍പ്പെടെ 97 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. ഇതിനു പുറമേ ഉത്തര്‍പ്രദേശിലെ 8 മണ്ഡലങ്ങളും, മഹാരാഷ്ട്രയിലെ 10 മണ്ഡലങ്ങളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും.
കനിമൊഴി, ദയാനിധി മാരന്‍, പ്രകാശ് രാജ്,ഹേമാ മാലിനി, വെങ്കിടേശന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്നത്. പരസ്യപ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ ബി.ജെ.പിയും പ്രതിപക്ഷ പാര്‍ട്ടികളും പ്രചരണം ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 30 മുതല്‍ 33 സീറ്റ് വരെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഡിഎംകെ. അതേ സമയം 2014ല്‍ 37 സീറ്റുകളും ലഭിച്ച എഐഡിഎംകെയ്ക്ക് കനത്ത തിരിച്ചടി ലഭിക്കുമെന്നാണ് വിലയിരുത്തലുകള്‍.
ജയലളിതയും, കരുണാനിധിയും ഇല്ലാത്ത തിരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഡിഎംകെക്ക് വേണ്ടി കനിമൊഴി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ജനവിധി തേടുന്നു. കനിമൊഴി തുത്തൂക്കുടിയില്‍ നിന്നും, ദയാനിധിമാരന്‍, എ രാജ എന്നിവര്‍ ചെന്നൈ സെന്‍ട്രല്‍, നീലഗിരി എന്നിവിടങ്ങളില്‍ നിന്നുമാണ് ജനവിധി തേടുക. സിപിഐ(എം) സ്ഥാനാര്‍ത്ഥിയായ സു വെങ്കിടേശന്‍ മധുരയില്‍ നിന്നും ജനവിധി തേടും. സിപിഐഎമ്മിന് ഏറെ വിജയപ്രതീക്ഷയുള്ള സ്ഥാനാര്‍ത്ഥിയാണ് സു വെങ്കിടേശന്‍.
അതേ സമയം കര്‍ണാടക ശക്തമായ പോരാട്ടത്തിനാകും സാക്ഷിയാകുക. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം ബിജെപിക്ക് ഉയര്‍ത്തുന്നത് കനത്ത വെല്ലുവിളിയാണ്. ബി.ജെ.പിക്ക് വേണ്ടി നളിന്‍ കുമാര്‍ കട്ടിന്‍, ദേവഡൗഡ എന്നിവര്‍ ജനവിധി തേടുന്നുണ്ട്. മാണ്ഡ്യയില്‍ നിന്ന് സുമലത ബി.ജെ.പി. സ്വതന്ത്രയായാണ് മത്സരിക്കുക. സുമലതയ്‌ക്കെതിരെ മത്സരിക്കുന്നത് മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനാണ്. ഇതോടെ മാണ്ഡ്യയിലെ പോരാട്ടവും ശക്തമായിക്കഴിഞ്ഞു. ജെഡിഎസും കോണ്‍ഗ്രസും തര്‍ക്കങ്ങള്‍ക്കൊടുവില്‍ അവസാന നിമിഷണാണ് സഖ്യത്തിലെത്തിയതെങ്കിലും മികച്ച വിജയം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയാണ് കുമാരസ്വാമിയും പങ്കുവെക്കുന്നത്. അതിനിടെ കര്‍ണാടകയില്‍ പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി മോദിയുടെ ഹെലികോപ്റ്ററില്‍ കൊണ്ടുവന്ന പെട്ടിയുടെ ദുരൂഹതയും ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.