Wed. Jan 22nd, 2025
ഹൈദരാബാദ്:

ഡോ. ബി.ആര്‍. അംബേദ്കറിന്റെ പ്രതിമ തകര്‍ത്ത് മാലിന്യക്കൂമ്പാരത്തില്‍‌ തള്ളിയ സംഭവത്തില്‍ അന്വേഷത്തിന് ഉത്തരവിട്ടു. അംബേദ്കർ ജയന്തി ആഘോഷത്തിന്റെ ഭാ​ഗമായി ഹൈദരാബാദ് സെന്‍ട്രല്‍ മാളിന് സമീപം പ്രതിഷ്ഠിക്കാന്‍ തയ്യാറാക്കിയ അംബേദ്കറിന്റ പ്രതിമയാണ് തകര്‍ത്ത നിലയില്‍ മാലിന്യക്കൂമ്പാരത്തില്‍ കണ്ടത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് പ്രതിമ പ്രതിഷ്ഠിക്കുന്നതിനായി ജയ് ഭീം സൊസൈറ്റി പ്രവര്‍ത്തകര്‍ മാളിന് സമീപം എത്തിയത്. ഞായറാഴ്ച നടക്കാനിരിക്കുന്ന അംബേദ്കർ ജയന്തിയോട് അനുബന്ധിച്ചാണ് അംബേദ്കറിന്റെ പ്രതിമ സ്ഥാപിക്കാന്‍‌ സം​ഘടനാ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. എന്നാല്‍ മാളിന് സമീപം എത്തിയ പ്രവര്‍ത്തകരെ പ്രതിമ സ്ഥാപിക്കുന്നതില്‍നിന്ന് ​ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോ​ഗസ്ഥര്‍ തടഞ്ഞു.

പ്രതിമ സ്ഥാപിക്കുന്നതിന് അനുവാദമില്ലെന്ന് കാണിച്ചാണ് പ്രവര്‍ത്തകരെ ഉദ്യോ​ഗസ്ഥര്‍ തടഞ്ഞത്. അനുവാദം വാങ്ങിയിട്ടാണ് എത്തിയതെന്ന് പറഞ്ഞിട്ടും ഉദ്യോ​ഗസ്ഥര്‍ പ്രതിമ പ്രതിഷ്ഠിക്കാന്‍ അനുവദിച്ചില്ല. കൂടാതെ പുലര്‍ച്ചെ നാല് മണി വരെ പ്രതിമ പിടിച്ച വയ്ക്കുകയും ചെയ്തു. പിന്നീട് കോഡ്ല വിജയ ഭാസ്ക്കര്‍ റെഡ്ഡി സ്റ്റേഡിയത്തിലേക്ക് ഉദ്യോ​ഗസ്ഥര്‍ പ്രതിമ കയറ്റി അയച്ചു. തെലങ്കാന ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ ഇ.വി.എം. യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്നതിനാല്‍ സ്റ്റേഡിയത്തില്‍ പ്രതിമ സൂക്ഷിക്കാനാകില്ലായിരുന്നു. അവിടെനിന്ന് പ്രതിമ കോര്‍പ്പറേഷന്‍ യാര്‍ഡിലേക്കും തുടര്‍ന്ന് ജവഹര്‍ ന​ഗറിലേക്കും മാറ്റി. മാലിന്യം ശേഖരിക്കുന്ന ട്രക്കിലാണ് പ്രതിമ കടത്തിയത്. ന​ഗരത്തിലെ മാലിന്യങ്ങള്‍ തള്ളുന്ന പ്രധാന പ്രദേശമാണ് ജവഹര്‍ ന​ഗര്‍.

അംബേദ്കറിന്റെ പ്രതിമ ജവഹര്‍ ന​ഗറിലേക്ക് മാറ്റുന്ന വിവരം അറിഞ്ഞ് നൂറ് കണക്കിന് ആളുകളാണ് പ്രതിഷേധവുമായി സ്ഥലത്തെത്തിയത്. തെലങ്കാനയിലെ കീസാരയില്‍ എത്തിയ പ്രതിഷേധക്കാര്‍ പ്രതിമ ജവഹര്‍ ന​ഗറിലേക്ക് മാറ്റുന്നത് തടഞ്ഞു. തുടര്‍ന്നാണ് പ്രതിമ തകര്‍ന്നത് പ്രതിഷേധക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പ്രതിമ തകര്‍ന്നതിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ കലഹത്തിനിടയില്‍ തകര്‍ന്നതാണെന്നായിരുന്നു ഉദ്യോ​ഗസ്ഥരുടെ മറുപടി. പിന്നീട് ഉദ്യോ​ഗസ്ഥരും പ്രതിഷേധക്കാരും തമ്മില്‍ തര്‍‌ക്കമുണ്ടാകുകയും പൊലീസെത്തി ആള്‍ക്കൂട്ടത്തെ നീക്കം ചെയ്യുകയുമായിരുന്നു.
തുടര്‍ന്ന് ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ പ്രതിമയ്ക്ക് സമീപം അംബേദ്കറുടെ പ്രതിമ സ്ഥാപിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മുനിസിപ്പല്‍ കമ്മീഷണര്‍ എം. ദാന കിഷോര്‍ പറ‍ഞ്ഞു. മാലിന്യം നിറയ്ക്കുന്ന ട്രക്കില്‍ അംബേദ്കറുടെ പ്രതിമ കടത്തിയവര്‍ക്കെതിരേയും കമ്മീഷന്‍ നടപടിയെടുത്തു,

Leave a Reply

Your email address will not be published. Required fields are marked *