Wed. Jan 22nd, 2025
ആലപ്പുഴ :

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്‌ഥാനാർത്ഥി എ.എം. ആരിഫ് “ഇന്ത്യയിലെ ഏറ്റവും മികച്ച എം.എൽ.എ.” എന്ന തലക്കെട്ടോടെ മണ്ഡലത്തിൽ പലയിടത്തും ബോർഡുകൾ സ്ഥാപിച്ചതിനെതിരെ എതിർ സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി. 2017 ൽ ആയിരുന്നു ആരിഫിന് “കാശ്മീർ ടു കേരള സോഷ്യൽ ഫൗണ്ടേഷൻ” എന്ന സംഘടന ഇന്ത്യയിലെ ഏറ്റവും മികച്ച നിയമസഭ സാമാജികനുള്ള അവാർഡ് നൽകുന്നത്. എന്നാൽ ഈ അവാർഡ് സർക്കാർ നല്കിയിട്ടുള്ളതല്ലെന്നും, ആരിഫ് ഈ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനം ആണെന്നുമാണ് ഷാനിമോൾ ഉസ്മാന്റെ ആരോപണം.

നേരത്തെ എറണാകുളം ലോക്സഭാ മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനവും സമാന രീതിയിൽ “ബെസ്ററ് എം.എൽ.എ.” അവാർഡ് കിട്ടി എന്നു പറഞ്ഞു പ്രചാരണം നടത്തിയത് വിവാദമായിരുന്നു.

ഇതിനെക്കുറിച്ചുള്ള “വോക്ക് മലയാളത്തിന്റെ” അന്വേഷണത്തിൽ, അലക്‌സാണ്ടർ കോശി പ്രിൻസ് വൈദ്യൻ എന്ന മുംബൈ മലയാളി വ്യവസായി സ്ഥാപിച്ച സംഘടനയാണ് “കാശ്മീർ ടു കേരള സോഷ്യൽ ഫൗണ്ടേഷൻ” എന്ന് വ്യക്തമായി. ഇതിനു കേരള സർക്കാരോ, മഹാരാഷ്ട്ര സർക്കാരോ തമ്മിൽ യാതൊരു ബന്ധവുമില്ല.

എന്നാൽ, അലക്‌സാണ്ടർ കോശി പ്രിൻസ് വൈദ്യൻ മുംബയിലെ അധോലോക ബന്ധത്തിന്റെ പേരിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന വ്യക്തിയാണ്. “മാത്യു ഇന്റർനാഷണൽ” എന്ന മുംബൈ റിക്രൂട്മെന്റ് ഏജൻസി കുവൈറ്റിലേക്ക് നഴ്‌സിംഗ് റിക്രൂട്മെന്റിന്റെ മറവിൽ 300 കോടിയുടെ ഹവാല ഇടപാട് നടത്തിയതായി സി.ബി.ഐ. കണ്ടെത്തിയിരുന്നു. “മാത്യു ഇന്റർനാഷനലിന്റെ” ഓഫീസുകൾ റെയ്ഡ് ചെയ്തു പിടിച്ചെടുത്ത രേഖകളിലാണ് അലക്‌സാണ്ടർ വൈദ്യനും ഹവാല ഇടപാടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് അലക്‌സാണ്ടർ വൈദ്യനെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തിരുന്നു.

ചോദ്യം ചെയ്യലിൽ മാത്യു ഇന്റർനാഷണൽ, കൊച്ചിയിലെ അൽസറഫ എന്നീ സ്ഥാപനങ്ങളുമായി അടുത്ത ബന്ധമുള്ള വ്യവസായിയാണ് അലക്‌സാണ്ടർ വൈദ്യൻ എന്ന് തെളിഞ്ഞിരുന്നു. മാത്യു ഇന്റർനാഷണൽ വഴിയാണ് റിക്രൂട്ട്‌മെന്റുകാരുടെ വിശ്വസ്തനായ ഹവാല ഏജന്റായി അലക്‌സാണ്ടർ വൈദ്യൻ മാറിയത്.
അലക്‌സാണ്ടർ വൈദ്യന് രാഷ്ട്രീയ നേതാക്കളുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് എ.എം. ആരിഫ് എം.എൽ.എ. ഇത്തരത്തിലുള്ള ഒരു വിവാദ വ്യവസായിയുടെ അവാർഡ് സ്വീകരിച്ചതും, അത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതും ചോദ്യം ചെയ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *