Wed. Jan 22nd, 2025
ചെന്നൈ:

തമിഴ്‌നാട്ടില്‍ സി.പി.എം. സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടു ചോദിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വയനാട്ടിലെ രാഹുലിന്‍റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസും ഇടതുപക്ഷവും കൊമ്പുകോര്‍ക്കുന്നതിന് ഇടയിലാണ് വിരുദുനഗറില്‍ സു. വെങ്കടേശന് വേണ്ടി രാഹുല്‍ വോട്ട് തേടി എത്തിയത്. ഇവിടെ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും സിപിഐയും മുസ്ലീം ലീഗും ഒരേ വേദിയില്‍ അണിരക്കുകയും ചെയ്തു. എന്നാല്‍ സിപിഎമ്മിന്റെ പ്രമുഖ നേതാക്കളാരും ഇവിടെ രാഹുല്‍ പങ്കെടുത്ത പരിപാടിക്കായി എത്തിയില്ല.

വേദിയില്‍ സിപിഎമ്മിന്റെ ചിഹ്നവും കൊടിയും ഇല്ലായിരുന്നു. എന്നാല്‍ സിപിഐ ജില്ലാ സെക്രട്ടറി കാളിദാസന്‍ രാഹുലുമായി ഇവിടെ വേദി പങ്കിട്ടു. രാഹുലിനെ കൈകൊടുത്തു സ്വീകരിച്ചും കൈപ്പത്തി ചിഹ്നമുള്ള ബാഡ്ജ് അണിഞ്ഞും സിപിഎം സ്ഥാനാര്‍ഥി സു.വെങ്കടേശനും സജീവമായി. തൂത്തുക്കുടിയിലേക്കുള്ള ദേശീയ പാതയോരത്തു കോണ്‍ഗ്രസ് -സിപിഎം കൊടികള്‍ ഒരുമയോടെ പാറിപറക്കുന്നതും കാണാമായിരുന്നു. സമ്മേളനത്തിനു പ്രവര്‍ത്തകരെത്തിയതു സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പതാകകള്‍ സ്ഥാപിച്ച വാഹനങ്ങളിലായിരുന്നു.

രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, എം.കെ.സ്റ്റാലിന്‍ എന്നിവരുടെ ചിത്രത്തിനൊപ്പം സിപിഎം തമിഴ്നാട് സെക്രട്ടറി കെ.ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാനസെക്രട്ടറി ജെ.മുത്തരശന്‍, മുസ്‍ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ എന്നിവരുടെ ചിത്രങ്ങളും വേദിയില്‍ ഇടംപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *