കൊല്‍ക്കത്ത:
ഹെലികോപ്ടര്‍ ഇറക്കാന്‍ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ നടത്താനിരുന്ന തിരഞ്ഞെടുപ്പ് യോഗം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റദ്ദു ചെയ്തു. സിലിഗുരിയിലായിരുന്നു രാഹുല്‍ പങ്കെടുക്കാനുള്ള യോഗം നിശ്ചയിച്ചിരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്റെ ഹെലികോപ്‍ടര്‍ ഇവിടെ പൊലീസ് ഗ്രൗണ്ടില്‍ ഇറക്കുന്നതിന് പാര്‍ട്ടി നേതൃത്വം അനുമതി തേടുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് യോഗം റദ്ദു ചെയ്തത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡാര്‍ജിലിംഗ് ലോക്സഭാ സ്ഥാനാർത്ഥിയുമായ ശങ്കര്‍ മലകര്‍ ആണ് ഇക്കാര്യം പുറത്ത് വിട്ടത്. ഏപ്രില്‍ 14 ന് ഒരു യോഗത്തില്‍ പങ്കെടുക്കാനായി എത്തുന്ന രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്ടര്‍ പൊലീസ് ഗ്രൗണ്ടില്‍ ഇറക്കുന്നതിനായി താന്‍ അനുമതി തേടിയിരുന്നു എന്നാല്‍ ഇത് നിഷേധിക്കപ്പെടുകയാണുണ്ടായതെന്നായിരുന്നു അദ്ദേഹം അറിയിച്ചത്.
അതേസമയം രാഹുലിനെ തടയാനുള്ള മമത സര്‍ക്കാരിന്റെ അവസാന അടവുകളാണ് ഇത്തരം ശ്രമങ്ങളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മമത രണ്ടാഴ്ച മുന്‍പ് ബംഗാളിലെ റാലിയില്‍ രാഹുലിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. മമത മുന്‍പ് എന്‍.ഡി.എയുടെ സഖ്യകക്ഷിയായതു ചൂണ്ടിക്കാണിച്ചാണു രാഹുല്‍ അതിനു മറുപടി നല്‍കിയത്.