Wed. Jan 22nd, 2025

 

ന്യൂഡല്‍ഹി:

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇന്ത്യന്‍ സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് എട്ട് മുന്‍ സൈനിക മേധാവികളടക്കം 156 മുന്‍ സൈനികരുടെ കത്ത്. സൈന്യത്തേയും, സൈനീക ചിഹ്നങ്ങളേയും, വസ്ത്രങ്ങളും, വ്യക്തികളേയും രാഷ്ട്രീയ നേട്ടത്തിനായി ഏതെങ്കിലും പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് തടയാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് രാഷ്ട്രപതിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

‘സൈന്യത്തിന്റെ അതിര്‍ത്തിയിലെ നടപടികളും, സൈന്യത്തെ മോദിജി കി സേന എന്ന് വിശേഷിപ്പിക്കുന്നതും അസ്വാഭാവികവും അംഗീകരിക്കാന്‍ പറ്റാത്തതുമാണ്. ഇത് നിലവില്‍ സേവിക്കുന്ന പട്ടാളക്കാരെയും, വിരമിച്ച പട്ടാളക്കാരെയും ഒരു പോലെ ആശങ്കാകുലരാക്കിയിട്ടുണ്ട്’- ഇന്ത്യന്‍ സൈന്യത്തിന്റെ പരമാധികാരി കൂടിയായ രാഷ്ട്രപതിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍, പ്രത്യേകിച്ച്‌ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണ വേദികളില്‍ ഉപയോഗിക്കുന്നതും, ഇത്തരം അവസരങ്ങളില്‍ സൈനിക വേഷങ്ങള്‍ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.

നേരത്തെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഇന്ത്യന്‍ സായുധ സേനയുടെ പേരുപയോഗിച്ച്‌ വോട്ടു നേടുന്നതില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളെ തടയണമെന്ന് ഇന്ത്യയുടെ മുന്‍ നാവിക സേനാ മേധാനി അഡ്മിറല്‍ എല്‍ രാംദാസിന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ചെങ്കിലും, ഇത് നടപ്പില്‍ വരുത്തുന്നതായി കാണുന്നില്ലെന്ന് കത്തില്‍ കുറ്റപ്പെടുത്തി.

സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും സൈനികരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *