നേപ്പാൾ മലയാളികൾക്ക് അപരിചിത സ്ഥലമൊന്നുമല്ല. യോദ്ധ സിനിമയിലെ അപ്പുക്കുട്ടനിലൂടെയും അശോകനിലൂടെയും നേപ്പാളിലെ പ്രകൃതി ഭംഗിയും, ലാമാമാരുടെ ആചാരങ്ങളുമെല്ലാം തന്നെ നമ്മളും കണ്ടാസ്വദിച്ചതാണ്. ഒരിക്കലെങ്കിലും നേപ്പാൾ സന്ദർശിക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. എന്നാൽ പാസ്പോർട്ട് ഇല്ല എന്നതാണോ പ്രശ്നം? പേടിക്കേണ്ട. നേപ്പാൾ സന്ദർശിക്കുന്നതിന് പാസ്പോർട്ട് ആവശ്യമില്ല. ഇന്ത്യയുടെ അയൽ രാജ്യം മാത്രമല്ല നേപ്പാൾ, ഇന്ത്യയുമായി ഭരണകാര്യങ്ങളിൽ സഹകരിക്കുന്ന രാജ്യം കൂടെയാണ്.
നേപ്പാളിലേക്കുള്ള യാത്ര ചെലവ് കുറഞ്ഞതാണ്. നേപ്പാളിലെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങൾ എല്ലാം തന്നെ ചുറ്റിക്കറങ്ങാൻ വെറും മൂന്നു ദിവസം മതി. ഗൂർഖ ഡർബാർ പാലസ്, ഗോരഖ് നാഥ് ഗുഹ, ഉപ്പൽകോട് വ്യൂ പോയിന്റ്, തുടങ്ങി നിരവധി പുരാതന നിർമിതികളും ക്ഷേത്രങ്ങളും ഇവിടെയുണ്ട്. നേപ്പാൾ രാജവംശത്തിന്റെ നാടാണ് ഗോർഖ. ഇവിടുത്തെ കരുത്തരായ പുരുഷന്മാരെ തിരഞ്ഞെടുത്തു പരിശീലനം നൽകി ബ്രിട്ടീഷ് സൈന്യത്തിലേക്ക് തിരഞ്ഞെടുക്കുമായിരുന്നു. അങ്ങനെ അവരാണ് ഇവരെ ആദ്യമായി ഗൂർഖ എന്ന് പറയുന്നത്. ഗോർഖ രാജവംശത്തിലെ ആദ്യത്തെ ഭരണാധികാരിയായിരുന്ന പ്രിത്വി നാരായണൻ ഷായുടെ ജൻമ ദേശമാണ് ഗോർഖ. ഇവിടെയാണ് ഡർബാർ പാലസും, മനകമന ക്ഷേത്രവും. ഗോർഖയിൽ നിന്ന് പൊക്രയിലേക്ക് ട്രെക്കിങ്ങ് ആരംഭിച്ചപ്പോൾ മുതൽ നേപ്പാളിലേക്ക് നല്ല തിരക്കാണ്.
നേപ്പാളിലെ സാഗർമാതാ പാർക്കിൽ സ്ഥിതി ചെയ്യുന്ന എവറസ്റ്റ് കൊടുമുടിയും സഞ്ചാരികളെ നേപ്പാളിലേക്ക് ക്ഷണിക്കുന്നു. ഇവിടെ താമസിക്കാൻ കുറഞ്ഞ ചെലവുള്ള ഹോംസ്റ്റേയും ലഭ്യമാണ്. ഇവിടുത്തെ പരമ്പരാഗതമായ ഭക്ഷണമായ ദാൽ ഭാത്തും, സൂപ്പും പോലുള്ളവ കുറഞ്ഞ ചെലവിൽ ഇവിടെ ലഭ്യമാണ്. അരിയിൽ പച്ചക്കറികൾ വിതറി പുഴുങ്ങിയതാണ് ദാൽ ഭാത്ത്.
എല്ലാ വർഷവും ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് നേപ്പാൾ സന്ദർശിക്കാൻ പറ്റുന്ന അനുയോജ്യമായ സമയം. ട്രെക്കിങ്ങ്, റാഫ്റ്റിങ് ഉൾപ്പെടെയുള്ള നിരവധി വിനോദങ്ങൾക്കു കൂടെ പ്രശസ്തമാണ് ഇവിടം. ബുദ്ധ മതത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ ആഗ്രഹമുള്ളവർക്കും നേപ്പാൾ നല്ലൊരു സ്ഥലമാണ്. ഇന്ത്യൻ രൂപ ഒരുവിധപ്പെട്ട എല്ലായിടങ്ങളിലും സ്വീകാര്യമാണ്. ബീഫ് ലഭിക്കില്ലെങ്കിലും, ചിക്കന്റെ വൈവിധ്യമാർന്ന വിഭവങ്ങൾ ഇവിടെ ലഭിക്കും.