ന്യൂഡല്‍ഹി:
ഭരണപക്ഷത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അഭിമുഖത്തിന് ക്ഷണിച്ച് ദൂരദര്ശന്. രാഷ്ട്രീയ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ സന്തുലനം പാലിക്കണമെന്ന് കഴിഞ്ഞദിവസം ദൂരദര്ശന് തിരഞ്ഞെടുപ്പു കമ്മീഷന് താക്കീത് നല്‍കിയിരുന്നു. അതിനുശേഷമാണ് രാഹുലിനെ അഭിമുഖത്തിന് ക്ഷണിച്ച് പ്രസാര്‍ഭാരതി കോണ്‍ഗ്രസിന് കത്തയച്ചിരിക്കുന്നത്.
ഡിഡി ന്യൂസിനും രാജ്യസഭാ ടിവിക്കും വേണ്ടി രാഹുല്‍ ഗാന്ധിയുടെ അഭിമുഖം ആവശ്യപ്പെട്ട് പ്രസാര്‍ഭാരതി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ശശിഖേര് വെമ്പട്ടിയാണ് കഴിഞ്ഞ നാലാം തീയതി കോണ്‍ഗ്രസ് പാര്‍ട്ടിക്കു കത്തയച്ചത്. ഒരു മണിക്കൂറിലധികം നീണ്ടു നില്ക്കുന്ന അഭിമുഖം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയ്ക്കാണ് പ്രസാര്‍ഭാരതി കത്തു നല്‍കിയിരിക്കുന്നത്. എന്നാല്‍, അഭിമുഖത്തിനുള്ള ക്ഷണം സ്വീകരിക്കുന്നുണ്ടോ എന്ന് കോണ്‍ഗ്രസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അതേസമയം നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും തിരഞ്ഞെടുപ്പ് റാലികളും സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ച നമോ ടിവിയ്ക്ക് നിയന്ത്രണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന് രംഗത്ത് വന്നു. ചാനലില്‍ രാഷ്ട്രീയ ഉള്ളടക്കം പാടില്ലെന്നാണ് നിര്‍ദേശം. ഇവ ഉടന്‍ നീക്കം ചെയ്യാനും കമ്മീഷന് ഉത്തരവിട്ടു. നമോ ടിവിയിലെ ഉള്ളടക്കത്തിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. നേരത്തെ പിഎം മോദി സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍നിന്നും നമോ ടിവിയെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കിയിരുന്നു. തിരഞ്ഞെടുപ്പു കഴിയും വരെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നാണ് കമ്മീഷന്റെ നിര്‍ദേശം.