ചാലക്കുടി:
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചാലക്കുടിയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ബെന്നി ബെഹനാന്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് തിരിച്ചെത്തുന്നു. അസുഖത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തു നിന്ന് ഒരാഴ്ചയിലേറെയായി വിട്ടു നില്‍ക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച വിശ്രമ കാലാവധി പിന്നിടുന്ന ഞായറാഴ്ച മുതല്‍ വീണ്ടും പ്രചാരണ രംഗത്തിറങ്ങാനാണ് സ്ഥാനാർത്ഥിയുടെ തീരുമാനം.
ഞായറാഴ്ച പുത്തന്‍കുരിശില്‍ നടക്കുന്ന വാഹനറാലിയില്‍ പങ്കെടുത്ത് കൊണ്ടാണ് മടങ്ങിവരവ്. എകെ ആന്റണിയും സ്ഥാനാര്‍ത്ഥിയുടെ രണ്ടാം വരവിന് ആവേശം പകരാന്‍ എത്തും. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച്ച തന്നെ കാക്കനാട്ടെ ആശുപത്രിയില്‍ നിന്ന് ബെന്നി ബെഹനാന്‍ തൃക്കാക്കരയിലെ വീട്ടിലേക്ക് മടങ്ങിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ മാസം അഞ്ചാം തീയതിയാണ് ബെന്നി ബെഹന്നാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
നേരത്തെ ബെന്നി ബെഹനാന്‍റെ അഭാവത്തില്‍ യുവ എംഎല്‍എമാരായ റോജി എം ജോണും എല്‍ദോസ് കുന്നപ്പിള്ളിയും വിപി സജീന്ദ്രനും അന്‍വര്‍ സാദത്തും അദ്ദേഹത്തിനു വേണ്ടി പ്രചാരണ കളത്തിലിറങ്ങിയിരുന്നു. ‘ബെന്നി ചേട്ടാ വിശ്രമിക്കൂ ഞങ്ങളുണ്ടെന്ന’ ടാഗ്‌ലൈനോടെയായിരുന്നു എംഎല്‍എമാരും അണികളും പ്രചാരണവേദികള്‍ സജീവമാക്കിയത്. മൂന്ന് മുന്നണികളും പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്നതിനിടയിലാണ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അസുഖബാധിതനായത്. നേരത്തെ അടര്‍ക്കളത്തിലിറങ്ങിയ ഇന്നസെന്റിനെ പിടിച്ചുകെട്ടുന്ന രീതിയിലായിരുന്നു ബെന്നിയുടെ പ്രചാരണം. ഇതിനിടയിലാണ് അസുഖം.