വിയന്ന:
2011ൽ ഇറങ്ങിയ ‘ദി ടൂറിൻ ഹോഴ്സ്’ എന്ന ചലച്ചിത്രത്തിന് ശേഷം താൻ ഇനി സിനിമകൾ സംവിധാനം ചെയ്യുന്നില്ല എന്ന് ലോക പ്രശസ്ത ഹംഗേറിയൻ സംവിധായകൻ ബേല താർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അദ്ദേഹം നടത്തിയ ഈ പ്രഖ്യാപനം കഥാചിത്രങ്ങളെ മാത്രം ഉദ്ദേശിച്ചായിരിക്കാം എന്ന് കരുതാവുന്ന തരത്തിൽ, തന്റെ പുതിയ ഡോക്യുമെന്ററി സിനിമ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് ബേല താർ. വിയന്നയിൽ, വരുന്ന ജൂണിൽ ‘മിസ്സിംഗ് പീപ്പിൾ‘ എന്ന ബേല താറിന്റെ ഡോക്യുമെന്ററി, അതിന്റെ ആദ്യ പ്രദർശനം നടത്തും.
ഏതാനും ഷോട്ടുകൾ മാത്രം ഉപയോഗിച്ച് നിർമ്മിച്ച ചിത്രം, സമകാലിക വിയന്നയുടെ സമൃദ്ധമായ ചുറ്റുപാടിൽ നിന്ന് വ്യത്യസ്തമായ ഡോക്യൂമെന്ററിയിൽ, സമൂഹത്തിൽ നിന്നും പുറന്തള്ളപ്പെട്ടവരുടെ, ദരിദ്രരായവരുടെ, അടിച്ചമർത്തപ്പെട്ടവരുടെ ചിത്രമാണ് ഉണ്ടാവുക എന്നാണ് അറിയാൻ കഴിയുന്നത്. വിയന്നയിലെ വിനെർ ഫെസ്റ്റ്വോച്ചൻ ആണ് പരിപാടി കമ്മീഷൻ ചെയ്യുന്നത്. സാമ്പ്രദായിക രീതിയിലുള്ള ഡോക്യുമെന്ററി ആണോ അതോ മ്യൂസിയം ഇൻസ്റ്റാളേഷൻ ആയിരിക്കുമോ ‘മിസ്സിംഗ് പീപ്പിൾ’ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. മറ്റിടങ്ങളിലും ചിത്രം വൈകാതെ തന്നെ പ്രദർശിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബേല താറിന്റെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്ന് എന്ന് കരുതപ്പെടുന്ന 1994 ൽ ഇറങ്ങിയ ‘Sátántangó’ ന്റെ പുനഃസ്ഥാപിക്കപ്പെട്ട പകർപ്പിന്റെ പ്രദർശനം കഴിഞ്ഞ ബെർലിൻ ചലചിത്രോത്സവത്തിൽ നടത്തിയിരുന്നു. ഈ അവസരത്തിലും ‘ദി ടൂറിൻ ഹോഴ്സ്’ എന്ന ചിത്രത്തിനു ശേഷം, മറ്റൊരു കഥാചിത്രത്തിലൂടെ തനിക്ക് ഒന്നും പറയാനില്ല എന്നാണ് കരുതുന്നതെന്നും, “എല്ലാറ്റിന്റെയും മരണത്തെക്കുറിച്ചായിരുന്നു അത്” എന്നും ബേല താർ പറഞ്ഞിരുന്നു. ‘ഡാംനേഷൻ'(1988), വിർക്കെമസ്റ്റർ ഹാർമോണീസ് (2000) എന്നിവയാണ് ബേല താറിന്റെ മറ്റ് ശ്രദ്ധേയമായ സിനിമകൾ.