കൊച്ചി:
ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന കോഴിക്കോട്ടെ ബി.ജെ.പി. സ്ഥാനാർത്ഥി അഡ്വ. പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ മറ്റു പ്രതികള്‍ക്ക് ജാമ്യം കിട്ടിയ സാഹചര്യത്തിലാണ് ഇയാള്‍ക്കും ജാമ്യം നല്‍കിയത്. ചിത്തിര ആട്ടവിശേഷത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ സന്നിധാനം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ 16 ആം പ്രതിയാണ് പ്രകാശ് ബാബു. കൊട്ടാക്കര സബ് ജയിലിൽ കഴിയുന്ന പ്രകാശ് ബാബു കോടതി അനുമതിയോടെ ജയിലിൽ കിടന്നാണ് കോഴിക്കോട്ടെ സ്ഥാനാർത്ഥിയായി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചത്.
ഇതേ കേസിൽ 13 ആം പ്രതിയായിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് ഹൈക്കോടതി നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. അതേസമയം ശബരിമലയില്‍ 10നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നത് തടയുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചു. പൗരന്‍മാരുടെയും രാജ്യത്തിന്റെയും ക്ഷേമത്തില്‍ ആശങ്കയുള്ള പൗരന്‍മാര്‍ ഇങ്ങനെ ചെയ്യരുതെന്നും കോടതി പറഞ്ഞു.
രണ്ടു ലക്ഷം രൂപയുടെ ബോണ്ട്, തത്തുല്യമായ തുകക്കുള്ള ആള്‍ ജാമ്യം. പാസ്പോര്‍ട് സറണ്ടര്‍ ചെയ്യണം, ഇലക്ഷന് ശേഷം 4 മാസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം, പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥ. കേസിലെ മറ്റൊരു പ്രതിയായ കെ സുരേന്ദ്രന് നേരത്തെ ജാമ്യം നല്‍കിയ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഈ ബെഞ്ച് വിധിയില്‍ ഉള്‍പ്പെടുത്തി. ഹരജിക്കാരനെ പോലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദിത്വമുള്ള പദവി വഹിക്കുന്ന വ്യക്തി രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഭരണഘടനാ വിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നിര്‍ഭാഗ്യകരമാണെന്നാണ് വിധിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ശബരിമല കലാപവുമായി ബന്ധപ്പെട്ട് എട്ട് കേസുകൾ പ്രകാശ് ബാബുവിന്‍റെ പേരിലുണ്ട്. കലാപശ്രമം, ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ വീട്ടിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസ് വാഹനങ്ങൾ തകർത്തു തുടങ്ങിയ കേസുകളിലും ഇദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ടുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയത്തും പ്രകാശ് ബാബു ജയിലിലായിരുന്നു. സ്ഥാനാർത്ഥി ജയിലിൽ ആയതുകൊണ്ട് ബി.ജെ.പി. പ്രവർത്തകരാണ് മണ്ഡലത്തിൽ പ്രകാശ് ബാബുവിന് വേണ്ടി പ്രചാരണം നടത്തുന്നത്.