ജിദ്ദ:
ജിദ്ദയിലെ മലയാള സിനിമാസ്വാദകർക്ക് സന്തോഷം നൽകുന്ന വാർത്ത, ജിദ്ദയിൽ ആദ്യമായി ഒരു മലയാളം ചലച്ചിത്രം പ്രദർശനത്തിന് എത്തുന്നു. മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ ആണ് പ്രദർശനത്തിന് എത്തുന്നത്. റിയാദിൽ കഴിഞ്ഞ വർഷം മലയാളം സിനിമ റിലീസ് ചെയ്തിരുന്നു എങ്കിലും ജിദ്ദയിൽ ആദ്യമായി ആണ് ഒരു മലയാളം സിനിമ റിലീസ് ചെയ്യാൻ എത്തുന്നത്. ജിദ്ദയിലെ റെഡ് സീ മാളിലെ വോക്‌സ് സ്ക്രീനിൽ ആണ് ലൂസിഫർ പ്രദർശനം ആരംഭിക്കുന്നത്. വോക്‌സിന്റെ വെബ്‌സൈറ്റിൽ പ്രദർശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിക്കറ്റുകളും വെബ്സൈറ്റ് വഴിയായിരിക്കും ലഭ്യമാവുക.
ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഉള്ളത് ജിദ്ദയിൽ ആണ്. പുരുഷന്മാർക്കും കുടുംബങ്ങൾക്കും വെവ്വേറെ സ്ക്രീനിൽ ആയിരിക്കും പ്രദർശനം. 35 വർഷങ്ങളായി തുടരുന്ന ചലച്ചിത്ര പ്രദർശന വിലക്ക് നീങ്ങിയാണ് കഴിഞ്ഞ വർഷം സൗദിയിൽ വീണ്ടും സിനിമ പ്രദർശനം ആരംഭിച്ചത്. ഈ സിനിമക്ക് നല്ല സ്വീകരണം ലഭിക്കുക ആണെങ്കിൽ കൂടുതൽ സിനിമകൾ പ്രദർശനം നടത്തും എന്നുള്ള പ്രതീക്ഷയിൽ ആണ് പ്രവാസി മലയാളികൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ലൂസിഫറിന്റെ തിരക്കഥ മുരളി ഗോപിയാണ് നിർവ്വഹിച്ചിരിക്കുന്നത്. മഞ്ജു വാര്യർ, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ്, ഇന്ദ്രജിത് സുകുമാരൻ തുടങ്ങി വലിയ താരനിരയോടെ എത്തിയ ചിത്രമാണ് ലൂസിഫർ.