കൈരാന:
ദളിതനാണെന്ന് പറഞ്ഞ് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന പരാതിയുമായി മധ്യവയസ്‌കന്‍ രംഗത്ത്. കൈരാനയിലെ ദളിത് വോട്ടറാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വോട്ടു ചെയ്യാന്‍ അനുവദിക്കാതെ അവഗണിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ശ്യാംലി നയാ ബസാറില്‍ താമസിക്കുന്ന പ്രസാദും കുടുംബവുമാണ് ദളിതരെന്ന പേരില്‍ അവഗണിക്കപ്പെട്ടത്. പോളിങ് ബൂത്ത് നമ്പര്‍ 40ല്‍ വോട്ടു ചെയ്യാനായി പോയ തങ്ങളെ ദളിതനായതിന്റെ പേരില്‍ അകത്തു കയറാന്‍ സമ്മതിച്ചില്ലെന്നാണ് പരാതി.
പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. രാജ്യത്തെ 91 മണ്ഡലങ്ങളിലാണ് വിധിയെഴുതുന്നത്. 42 തെക്കേ ഇന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുകയാണ്.
അതിനിടെ ആന്ധ്രയില്‍ വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആന്ധ്രയിലെ അനന്ത്പൂരിലായിരുന്നു ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഒരാള്‍ ടിഡിപി പ്രവര്‍ത്തകനുമാണ്. ടിഡിപി വൈഎസ് ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിയുകയായിരുന്നു.
ആന്ധ്രയിലെ വെസ്റ്റ് ഗോദാവരയിലെ പോളിംഗ് ബൂത്തില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റിരുന്നു.ഇന്ന് രാവിലെ ജനസേവ പാര്‍ട്ടി സ്ഥാനാർത്ഥി ആന്ധ്രയില്‍ വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചിരുന്നു.വോട്ടിംഗ് യന്ത്രം തകരാറായതില്‍ പ്രതിഷേധിച്ചാണ് എറിഞ്ഞുടച്ചത്.
ആന്ധ്രയിലെ 25 ലോക്സഭ സീറ്റുകളിലേക്കും 175 നിയമസഭ സീറ്റുകളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിയും ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്‌ആര്‍ കോണ്‍ഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം.