ന്യൂഡല്‍ഹി:
ഇന്ത്യയില്‍ പൊതു തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം നടക്കുന്നതിന്‍റെ പശ്ചാതലത്തില്‍ പ്രത്യേക ഡൂഡില്‍ ഒരുക്കി ഗൂഗിള്‍. വോട്ട് ചെയ്ത മഷിപുരണ്ട കൈയുമായി തയ്യാറായിരിക്കുന്ന ഡൂഡിലില്‍ ക്ലിക്ക് ചെയ്താല്‍ എങ്ങനെ വോട്ട് ചെയ്യാം എന്ന നിര്‍ദ്ദേശത്തിലേക്കാണ് എത്തുക.
സ്ഥാനാർത്ഥികളുടെ വിവരങ്ങളും, തിരഞ്ഞെടുപ്പ് തിയതി, സമയം, തിരിച്ചറിയല്‍ കാര്‍ഡ്, പോളിംഗ് ബൂത്തുകളെ പറ്റിയുള്ള വിവരങ്ങളും മുതല്‍ ഇ.വി.എം ഉപയോഗിക്കുന്നതിനെ കുറിച്ച് വരെ ഗൂഗിള്‍ തയ്യാറാക്കിയിട്ടുണ്ട്. മാത്രമല്ല പോളിംഗ് ബൂത്തില്‍ എന്തൊക്ക നടപടിക്രമങ്ങളാണ് ഉള്ളതെന്നും ഡൂഡില്‍ വ്യക്തമാക്കുന്നുണ്ട്.
18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 91 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്നത്. ആന്ധ്രപ്രദേശ് തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ ലോക്സഭാ സീറ്റുകളിലും വോട്ടെടുപ്പ് ആരംഭിച്ചു. അസം ഒഴികെയുള്ള വടക്ക് കിഴക്കൻ സ്ഥാനങ്ങളിലെ മുഴുവൻ മണ്ഡലങ്ങളിലും ആദ്യഘത്തിലാണ് ജനവിധി. ആന്ധ്രപ്രദേശ്, അരുണാചൽ, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭാ സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും.
ആന്ധ്ര, അരുണാചല്‍, സിക്കിം, ഒഡിഷ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും ഇതോടൊപ്പമാണ്. ആന്‍ഡമാന്‍ നിക്കോബര്‍, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ജമ്മുകശ്മീരില്‍ ജമ്മു, ബാരാമുള്ള മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
ജമ്മു കശ്മീരില്‍ വിഘടന വാദികള്‍ ഇന്ന് ഹര്‍ത്താലിനാഹ്വാനം ചെയ്തിട്ടുണ്ട്. ഹുറിയത്ത് നേതാക്കള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു രാവിലെ തന്നെ തന്‍റെ വോട്ടിംഗ് രേഖപ്പെടുത്തി. ജമ്മുകാശ്മീരിലും രാവിലെ വോട്ടിംഗ് ആരംഭിച്ചു.