ലക്ഷദ്വീപ്:
പരസ്യ പ്രചരണങ്ങള്‍ക്കും കൊട്ടികലാശങ്ങള്‍ക്കും ശേഷം ലക്ഷദ്വീപ് നിവാസികള്‍ നാളെ പോളിങ് ബൂത്തിലേക്ക്. തിരിച്ചു വരവിന്റെ പ്രതീക്ഷയില്‍ കോൺഗ്രസ്സും, നിലവിലെ സീറ്റ് ഉറപ്പിക്കാന്‍ എന്‍.സി.പിയും കടുത്ത പോരാട്ടങ്ങളായിരിക്കും ഇവിടെ കാഴ്ച വെക്കുന്നത്. രാജ്യത്തിലെ തന്നെ ഏറ്റവും കുറവ് വോട്ടര്‍മാരുള്ള മണ്ഡലമാണിത്. അരലക്ഷത്തില്‍ താഴെ മാത്രമാണിവിടെ വോട്ടര്‍മാര്‍. പത്ത് ദ്വീപുകളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പട്ടികവര്‍ഗ സംവരണ മണ്ഡലമാണിത്. 99% വോട്ടര്‍മാര്‍ ഇവിടെ മുസ്ലിങ്ങളാണ്.
കേരളത്തിനു പുറത്തു മലയാളഭാഷ സംസാരിക്കുന്നവരുടെ ഏക മണ്ഡലമാണെങ്കിലും കേരളരാഷ്ട്രീയത്തിന്റെ പ്രതിഫലനം ഇവിടെയില്ല. മറിച്ച് ഡല്‍ഹിയില്‍നിന്നു നേരിട്ടുള്ള ഭരണം കാരണം ദേശീയ രാഷ്ട്രീയത്തിലെ മാറ്റങ്ങളാണ് ഇവിടെ തിരഞ്ഞെടുപ്പില്‍ സ്വാധീനിക്കുക.
2004-വരെ കോണ്‍ഗ്രസ് മാത്രം അടക്കിഭരിച്ച മണ്ഡലമാണിത്. കോണ്‍ഗ്രസ്സിനെ ചോദ്യം ചെയ്താണ് എന്‍.സി.പി. ലക്ഷദ്വീപില്‍ കാലുറപ്പിക്കുന്നത്. 1967-ല്‍ ആദ്യ എം.പി.യെ ലഭിച്ചതും മുതല്‍ 2004 വരെ നടന്ന എല്ലാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സിന്റെ പി.എം. സഈദ് മാത്രമാണിവിടെ ജയിച്ചു പോന്നത്. 2004-ലെ തിരഞ്ഞെടുപ്പില്‍ 71 വോട്ടിന് ജനതാദള്‍ യുവിലെ ഡോ. പൂക്കുഞ്ഞിക്കോയയോട് ഇദ്ദേഹം പരാജയപ്പെട്ടു. 2009-ല്‍ ഇദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം മകന്‍ ഹംദുല്ല സഈദ് ജയിച്ചെങ്കിലും 2014-ല്‍ ഹംദുല്ല പരാജയപ്പെട്ടു. ഇതോടെ കോണ്‍ഗ്രസ്സ് പാടേ പിന്തള്ളപ്പെട്ടു.
എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എം.പിക്കു നേരെ വ്യാപകമായ അഴിമതി ആരോപണങ്ങളാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ദ്വീപിന്റെ പ്രധാന വരുമാന വരുമാനമായ ട്യൂണ മാസ് മത്സ്യത്തൊഴിലാളികളില്‍ നിന്ന് നേരിട്ട് ഏറ്റെടുക്കുന്നതിനായി ലക്ഷദ്വീപ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ വഴി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് കോണ്‍ഗ്രസ്സിന്റെ പ്രധാന ആരോപണവും പ്രചരണ ആയുധവും. ട്യൂണ മാസ് ശ്രീലങ്കയിലേക്ക് കയറ്റിയയച്ചതിനു പിന്നിലും അഴിമതി ആരോപണം കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്. അതേസമയം ട്യൂണ മാസ് പദ്ധതി അട്ടിമറിച്ചതിനു പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന് എന്‍.സി.പി കുറ്റപ്പെടുത്തുന്നുണ്ട്. ഈ 2 കക്ഷികള്‍ തമ്മിലുള്ള വാശിയേറിയ മത്സരത്തിനാണ് ഇത്തവണ ലക്ഷദ്വീപ് വേദിയാകുന്നത്.
സിറ്റിങ് എം.പി എന്‍.സി.പി.യിലെ പി.പി.മുഹമ്മദ് ഫൈസല്‍, മുന്‍ എം.പി, കോണ്‍ഗ്രസ്സിലെ, മുഹമ്മദ് ഹംദുല്ല സഈദ് എന്നിവര്‍ തമ്മിലാണു പ്രധാന മത്സരം. ഷെരീഫ് ഖാന്‍ (സി.പി.എം), അലി അക്ബര്‍ (സി.പി.ഐ), അബ്ദുല്‍ ഖാദര്‍ ഹാജി (ബി.ജെ.പി) ഡോ. മുഹമ്മദ് സാദിഖ് (ജെ.ഡി.യു) തുടങ്ങിയവരും രംഗത്തുണ്ട്.