അനാർക്കലി എന്ന സിനിമ ആളുകളെ ആകർഷിച്ചത് അതിലെ പ്രണയം ഒന്നുകൊണ്ടു മാത്രമല്ല. മറിച്ച്, അതു ഷൂട്ട് ചെയ്ത ലക്ഷദ്വീപിന്റെ ഭംഗി കൊണ്ടുകൂടിയാണ്. മനോഹരമായ കടലാൽ ചുറ്റപ്പെട്ട ഈ ദ്വീപിന്റെ ഭംഗി നേരിട്ട് കാണുവാനായി യാത്രയ്‌ക്കൊരുങ്ങുകയാണോ?
എങ്കിൽ ഇതാ ചില മുൻകരുതലുകൾ.
*പവിഴപ്പുറ്റുകൾ കണ്ടാസ്വദിക്കാം, തൊട്ടുകൊണ്ടുള്ള കളി വേണ്ട
പവിഴപ്പുറ്റുകൾ തന്നെയാണ് സഞ്ചാരികൾ ലക്ഷദ്വീപിനെ ഇത്രകണ്ട് പ്രണയിക്കാൻ കാരണം. പക്ഷെ അത് തൊടുന്നതോ, പറിച്ചെടുക്കുന്നതോ ശിക്ഷാർഹമായ കുറ്റമാണ്. കേന്ദ്ര സർക്കാർ പവിഴപുറ്റുകളെ സംരക്ഷിക്കുന്നതിനായി നിയമം കൊണ്ട് വന്നിട്ടുണ്ട്. അതുകൊണ്ടു കാണാനല്ലാതെ സ്പർശിക്കാൻ പോകരുത്.
*നോ ആൽക്കഹോൾ നോ ഡ്രഗ്സ്
മദ്യ നിരോധിതമേഖലയാണ് ലക്ഷദ്വീപ്. അതുകൊണ്ട് യാത്രയിൽ മദ്യം ഒഴിവാക്കുന്നതാണ് നല്ലത്. കയ്യിൽ കരുതാനും പാടില്ല. അതുപോലെതന്നെയാണ് മയക്കുമരുന്നുകളും മറ്റു ലഹരി വസ്തുക്കളും. ഇവയൊന്നും തന്നെ തദ്ദേശീയരായ ജനങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല ആയതിനാൽ അവയെല്ലാം ഉപേക്ഷിച്ചു മാത്രമേ ഈ യാത്രയ്ക്കിറങ്ങാൻ പറ്റുള്ളൂ.
*കടലിൽ കുളിക്കാം, പക്ഷെ…
കടലിൽ ഇറങ്ങുന്നതിനോ കുളിക്കുന്നതിനോ നീന്തുന്നതിനോ ഇവിടെ നിയന്ത്രണങ്ങളില്ല. പക്ഷെ, സഭ്യമായ വസ്ത്രങ്ങൾ ധരിക്കണമെന്ന് നിർദേശമുണ്ട്.
*അനുമതി നിർബന്ധം
ലക്ഷദ്വീപിലേക്ക് പെട്ടെന്നൊരു സുപ്രഭാതത്തിൽ പോകാമെന്ന് ആരും കരുതണ്ട. കൊച്ചിയിലെ വെല്ലിങ് ടൺ ദ്വീപിലെ ലക്ഷദ്വീപ് ഓഫീസിൽ നിന്നും ശരിയായ രേഖകൾ കാണിച്ചാൽ മാത്രമേ അനുമതിപത്രം ലഭിക്കുകയുള്ളു.
*അനുമതിയില്ലാത്ത ദ്വീപുകളിൽ അതിക്രമിച്ചു കടക്കരുത്
ഇന്ത്യയിൽ നിന്നുള്ള യാത്രികർക്കു സന്ദർശിക്കാൻ അനുമതിയുള്ള ദ്വീപുകൾ, അഗത്തി, ബംഗാരം, കടമത്ത്, കവരത്തി, കല്‍പ്പേനി, മിനിക്കോയ് എന്നിവ മാത്രമാണ്. ഇന്ത്യയ്ക്കു പുറത്തുള്ളവർക്കു അഗത്തി, ബംഗാരം, കടമത്ത് എന്നീ മൂന്നു ദ്വീപുകൾ സന്ദർശിക്കുന്നതിനു മാത്രമാണനുമതി. അനുമതിയില്ലാത്ത ദ്വീപുകൾ സന്ദർശിക്കരുത്. കൂടെയുള്ള ഗൈഡിന്റെ നിർദേശം പൂർണമായും പാലിക്കാൻ ശ്രദ്ധിക്കുക.
*കേരം തിങ്ങും നാട്
കേരളത്തിലെ പോലെത്തന്നെ നിറയെ തെങ്ങിൻ തോപ്പുകളുള്ള നാടാണ് ലക്ഷദ്വീപ്. എന്നാൽ യാത്രയ്ക്കിടയിൽ ഇവിടുത്തെ തേങ്ങയെടുക്കാനോ, തെങ്ങിൽ കയറാനോ, ഒന്നും തന്നെ സഞ്ചാരികൾക്ക് അനുവാദമില്ല. അവയെല്ലാം ശിക്ഷാർഹമായ കുറ്റമാണ്.
അല്പം മുൻകരുതെലെടുത്താൽ എന്നെന്നും ഓർത്തുവെയ്ക്കാൻ പറ്റുന്ന യാത്രയാണ് ലക്ഷദ്വീപിലേത്. അതുകൊണ്ട് ഈ നിയന്ത്രണങ്ങളെ അംഗീകരിച്ചാൽ മാത്രമേ ഈ സുന്ദര ഭൂമിയിലേക്കുള്ള യാത്ര ഹൃദ്യമാവുകയുള്ളു.