കോട്ടയം:
അന്തരിച്ച കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായ കെ.എം. മാണിയുടെ മൃതദേഹം ഇന്നു പൊതുദര്‍ശനത്തിനു വെക്കും. ഇന്നലെ ലേക്ക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ ഒന്‍പതു മണിയോടെ കോട്ടയത്തേക്ക് കൊണ്ടു വരും. പത്തര മുതല്‍ കേരള കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെക്കും. അവിടെ നിന്നും വിലാപയാത്രയായി കോട്ടയം തിരുനക്കര മൈതാനിയിലേക്ക് കൊണ്ടു വരും. വൈകുന്നേരം വരെ ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കും.
അവിടെ നിന്നും അയ്യര്‍കുന്ന് വഴി പാലായില്‍ എത്തിച്ച ശേഷം വ്യാഴാഴ്ച വൈകിട്ട് രണ്ട് മണിവരെ മാണിയുടെ പാലായിലെ കരിങ്ങോഴക്കല്‍ വീട്ടിലും പൊതുദര്‍ശനത്തിനായി വയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സംസ്‌കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്ന് മണിക്ക് പാലാ കത്തീഡ്രല്‍ ചര്‍ച്ചിലാവും മാണിയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കെ.എം. മാണി ഇന്നലെ വൈകീട്ട് 4.57നായിരുന്നു വിടപറഞ്ഞത്. മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ. മാണിയും പേരക്കുട്ടികളും അടക്കമുള്ളവര്‍ മാണിക്കൊപ്പമുണ്ടായിരുന്നു.