ഡൽഹി:
ഈയടുത്തു പ്രചാരത്തിൽ വന്ന ഗൂഗിളിന്റെ പണമിടപാടിനായുള്ള മൊബൈൽ അപ്ലിക്കേഷൻ ഗൂഗിൾ പേയ്ക്ക് അനുമതിയില്ലെന്ന് ഡൽഹി ഹൈക്കോടതി കണ്ടെത്തി. കൃത്യമായ അനുമതി രേഖകളില്ലാതെ പണമിടപാട് നടത്തിയെന്ന് പറഞ്ഞു കൊണ്ട്, കാരണം വ്യക്തമാക്കുവാൻ ഗൂഗിൾ പേ കമ്പനിക്കും, റിസർവ് ബാങ്കിനും നോട്ടീസ് അയച്ചു.
ദിവസങ്ങൾക്കു മുൻപ് ആർ.ബി.ഐ. പുറത്തിറക്കിയ അനുമതിയുള്ള ഓൺലൈൻ പണമിടപാട് ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഗൂഗിൾ പേയുടെ പേരില്ലാത്തതിനാൽ ഗൂഗിൾ പേയ്ക്ക് നിയമപരമായ ആധികാരമില്ലെന് ചൂണ്ടിക്കാണിച്ചു കൊണ്ട് അഭിജിത് മിശ്രയാണ് കോടതിയെ സമീപിച്ചത്. പൊതു താല്പര്യ ഹർജിയാണ് അദ്ദേഹം നൽകിയത്. ഹർജിയിൽ ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇത് പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് ആക്ടിന്റെ ലംഘനമാണ് എന്ന് കോടതി കണ്ടെത്തി.
ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ച തേസ് എന്ന ആപ്പാണ് നവീകരിച്ച് ഗൂഗിൾ പേ ആക്കി മാറ്റിയത്. ഗൂഗിളിന്റെയായതിനാലും, യൂസേഴ്സ് ഫ്രണ്ട്‌ലി ആയതിനാലും ഞൊടിയിടയിൽ ഒട്ടനവധി ഉപഭോക്താക്കളെ സൃഷ്ടിക്കാൻ ഗൂഗിൾ പേയ്ക്ക് സാധിച്ചു. യു.പി.എ. (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേർസ്) ഉള്ള ഏത് ബാങ്ക് അക്കൗണ്ട് ഉള്ളവർക്കും ഈ ആപ്പ് ഉപയോഗിക്കാൻ സാധിക്കും. ഏകദേശം 2.2 കോടി പ്രതിമാസ ഉപഭോക്താക്കളാണ് ഗൂഗിൾ പേയ്ക്കുള്ളത്.