Mon. Dec 23rd, 2024
#ദിനസരികള് 723

ചിത്രകാരനായ നന്ദകുമാര്‍ ഫേസ്ബുക്കില്‍ ഉയര്‍ത്തിയ വെല്ലുവിളി നൂറു ദിവസംകൊണ്ട് നൂറു ചിത്രം തുടര്‍ച്ചയായി വരയ്ക്കുക എന്നതായിരുന്നു. നിരവധി പേര്‍ അദ്ദേഹത്തിന് ഒപ്പം ചേര്‍ന്ന് വരതുടങ്ങി. കൂട്ടത്തില്‍ ഞാനും ചേര്‍ന്നു. നൂറുദിവസം കൊണ്ട് നൂറുമുഖങ്ങളെയാണ് ഞാന്‍ വരയ്ക്കുക എന്നും തീരുമാനിച്ചു. അങ്ങനെ ആ ശ്രമം എണ്‍പത്തേഴു ദിവസം പിന്നിട്ടപ്പോഴാണ് ഗൌരി ലങ്കേഷിനെ വരയ്ക്കുക എന്ന ആഗ്രഹം മനസ്സിലേക്ക് കടന്നു വന്നത്. ഗൌരിയുടെ ഒരു ചിത്രത്തിനു വേണ്ടി ഞാനെന്റെ പഴയ മാസികകളെ പരതാന്‍ തുടങ്ങി. ഏറ്റവും പ്രിയപ്പട്ട മാസികകളുടേയും ആഴ്ചപ്പതിപ്പുകളുടേയും ശേഖരത്തില്‍ അവര്‍ കൊല്ലപ്പെട്ടപ്പോള്‍ ഇറങ്ങിയ മാതൃഭൂമിയുടെ പ്രത്യേക പതിപ്പുണ്ടായിരുന്നു, ഒരു പേജ് വലുപ്പത്തില്‍ അവരുടെ ചിത്രവും.

വെടിയേറ്റു കിടക്കുന്ന ഗൌരിയായിരുന്നു മുഖചിത്രം. അവരുടെ വലതുകൈകള്‍ ചുരുട്ടിപ്പിടിച്ചിരുന്നു. കണ്ണുകള്‍ പാതി തുറന്നിരുന്നു. നെഞ്ചില്‍ നിന്നും പുറത്തേക്ക് ഒഴുകിയ ചോര വസ്ത്രത്തില്‍ പടര്‍ന്ന് തറയിലേക്ക് കിനിഞ്ഞിറങ്ങിയിരുന്നു. അവരുടെ ശരീരത്തെ നിശ്ചലമാക്കുവാന്‍ അക്രമികള്‍ക്ക് കഴിഞ്ഞുവെങ്കിലും, മലയാളികളുടെ പ്രിയപ്പെട്ട കവി സച്ചിദാനന്ദന്‍ പറഞ്ഞതുപോലെ “ഈ രക്തം സംസാരിച്ചുകൊണ്ടേയിരിക്കും.”

പ്രശസ്ത എഴുത്തുകാരനും, ലങ്കേഷ് പത്രികെയുടെ സ്ഥാപകനുമായ പി. ലങ്കേഷിന്റെ മകളായി 1962 ലാണ് ഗൌരി ജനിക്കുന്നത്. അതേ ആഴ്ചപ്പതിപ്പില്‍ എഡിറ്ററായി ജോലി നോക്കുമ്പോഴാണ് 2017 സെപ്തംബര്‍ അഞ്ചിന് രാത്രി അവരെ ഒരു സംഘം തീവ്രവാദികള്‍ വെടിവെച്ചു കൊല്ലുന്നത്. സ്വതന്ത്ര ചിന്തയേയും മതേതര നിലപാടുകളേയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാരമാണ് – കല്‍ബുര്‍ഗിയേയും പന്‍സാരേയും ധബോല്‍ക്കറേയും അക്കാരണംകൊണ്ടുതന്നെ കൊന്നുതള്ളിയ അതേ സംഘപരിവാരംതന്നെയാണ്- ഗൌരിയുടെ ജീവനുമെടുത്തത്.

ഉള്‍‌പ്പേജുകളില്‍ സച്ചിദാനന്ദനും, കെ.ആര്‍. മീരയും, ബി.ആര്‍.പി. ഭാസ്കറും എഴുതിയ ലേഖനങ്ങളും കെ.ജി. എസ്സിന്റെ മുതല എന്ന കവിതയും എങ്ങനെയാണ്, എന്തുകൊണ്ടാണ് ഗൌരി ലങ്കേഷ് തീവ്രവാദികളെ അസ്വസ്ഥപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നുണ്ട്. സച്ചിദാനന്ദന്‍ എഴുതുന്നു :- ഗൌരി ലങ്കേഷ് ഹിന്ദു തീവ്രവാദികളുടെ നോട്ടപ്പുള്ളിയായിട്ട് ഏറെക്കാലമായി. ഭര്‍ത്താവ് ചിദാനന്ദ് രാജ് ഘട്ടെയോടൊത്ത് ഡല്‍ഹി ടൈസം ഓഫ് ഇന്ത്യയിലാണ് അവര്‍ പത്രപ്രവര്‍ത്തനം തുടങ്ങിയത്. തുടര്‍ന്ന് ഈ നാട് തെലുഗ് ടെലിവിഷനില്‍ ചേര്‍ന്നു. അതിനു ശേഷമാണ് ബാംഗ്ലൂരിലേക്ക് മടങ്ങി അച്ഛന്റെ പത്രത്തില്‍ ചേരുന്നത്. 2003 ൽ ഗുരു ദത്താത്രേയ ബാബാ ബുദന്‍ എന്ന സൂഫി ദര്‍ഗ്ഗ ഹിന്ദുവത്കരിക്കാന്‍ ശ്രമിച്ച സംഘപരിവാരത്തെ അവര്‍ എതിര്‍ത്തു. 2012 ല്‍ ഹിന്ദു എന്നത് ഒരു മതമല്ലെന്നും സമൂഹത്തെ ശ്രേണീകരിച്ചു വിഘടിപ്പിക്കുന്ന ഒരു സമുദായ വ്യവസ്ഥ മാത്രമാണെന്നും അവര്‍ വാദിച്ചു. ഒപ്പം ഹിന്ദു സമൂഹത്തില്‍ ഉള്‍‌ച്ചേര്‍ന്ന ലിംഗവിവേചനത്തെ വിമര്‍ശിച്ചു. നിലപാടുകളെ കണിശതകൊണ്ട് സംഘപരിവാരത്തിന്റെ കണ്ണില്‍ ഒട്ടും ദയാദാക്ഷിണ്യം കാണിച്ചൂ കൂടാത്ത ഒരാളായി ഗൌരി മാറുകയായിരുന്നു.

ഗൌരി ലങ്കേഷ് എന്ന പത്രപ്രവര്‍ത്തകയെ അതിക്രൂരമായി വെടിവെച്ചു കൊന്നിട്ട്, നമ്മുടെ പ്രധാനമന്ത്രിയും കൂട്ടരും ഒന്ന് അനുശോചിക്കുവാന്‍ പോലും തയ്യാറാകാതിരുന്നത് അവര്‍ എത്രമാത്രം ഗൌരിയെ വെറുത്തിരുന്നുവെന്നതിന് തെളിവാണെന്ന് ബി.ആര്‍.പി. ഭാസ്കര്‍, ഗൌരി ലങ്കേഷ് എങ്ങനെ അപകടകാരിയായി എന്ന കുറിപ്പില്‍ രേഖപ്പെടുത്തുന്നുണ്ട്. ഭരണ ഘടനയെ അട്ടിമറിച്ചു കൊണ്ടു ഹിന്ദുപരിവാരം നടപ്പിലാക്കുന്ന, ആക്രമണോത്സുക ഹിന്ദു ദേശീയ വാദത്തിന് ഗൌരി ലങ്കേഷിനെപ്പോലുള്ളവര്‍ തടസ്സം നില്ക്കുന്നുവെന്ന ഒരൊറ്റ കാരണത്തിലാണ്, എതിരഭിപ്രായങ്ങളെ ഒട്ടും മാനിക്കാത്ത അക്കൂട്ടര്‍ അവരുടെ ജീവനെടുത്തതെന്ന് ബി.ആര്‍.പി. സ്ഥാപിക്കുന്നു.

ഗൌരി, ധൈര്യവും ജനാധിപത്യ ബോധവുമുള്ള ഒട്ടധികം ഗൌരിമാരെ ഉല്പാദിപ്പിക്കാന്‍ പര്യാപ്തമായ പ്രചോദനമാണ് എന്ന് മീര പറയുന്നു. ഞാനും ഗൌരിയാണ് എന്ന ടാഗില്‍ ഇന്ത്യയൊട്ടാകെ നടത്തിയ കാംപെയിനുകളെ അവര്‍ ചൂണ്ടിക്കാണിക്കുന്നു :- “കൊല്ലപ്പെട്ടയാള്‍ മറ്റാരേയും കൊന്നിട്ടില്ല .കൊല്ലാന്‍ കൂട്ടുനിന്നിട്ടുമില്ല. ആ ആള്‍ ആകെ ചെയ്തത് കൊല്ലരുത് എന്ന് ഓര്‍മിപ്പിക്കുകയും കൊല്ലാതിരിക്കാന്‍ യുക്തിഭദ്രമായ ന്യായീകരണങ്ങള്‍ നല്കുകയുമാണ്. ആ കൊലപാതകം ഭയമുളവാക്കുന്നത് അതൊരു വ്യക്തിയെ ഉന്നം വെച്ചതുകൊണ്ടല്ല. അവശേഷിക്കുന്ന പുരോഗമനാശയങ്ങളും സാമൂഹികാവബോധവും രാഷ്ട്രീയ വിവേകവും മാനവികതയും കൂടി പാടെ ഉന്മൂലനം ചെയ്യാന്‍ ലക്ഷ്യമിടുന്നതുകൊണ്ടാണ്.”

കൊന്നൊടുക്കുക എന്ന സംഘപരിവാര നീതി എന്തുകൊണ്ടാണ് ഗൌരിയെ ഇല്ലാതാക്കിയത് എന്ന് ഈ ലേഖനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. എന്നു മാത്രവുമല്ല, വര്‍ത്തമാനകാല ഇന്ത്യ ചെന്നു വീണിരിക്കുന്ന പടുകുഴിയുടെ ആഴം എത്രയാണെന്നു കൂടി നമുക്ക് മനസ്സിലാകുന്നു. സ്വതന്ത്രമായി ചിന്തിക്കുകയും, ജീവിക്കുകയും ചെയ്യുന്ന ഏതൊരുവന്റേയും നെഞ്ചു പിളര്‍ന്നുകൊണ്ട് ഏതു നിമിഷവും ഒരു തീയുണ്ട കടന്നു പോകാന്‍ തയ്യാറെടുത്തു നില്ക്കുന്നുണ്ട് എന്ന ജാഗ്രത നമ്മെ കൂടുതല്‍ കരുത്തരാക്കേണ്ടതുണ്ട്. ഗൌരി മരണ ശേഷം ഒരായിരം ഗൌരിമാരെയുണ്ടാക്കിയെടുത്തതു പോലെ, നമ്മുടെയൊക്കെ മരണം ഒരു കൂട്ടം സ്വാതന്ത്ര്യാവാദികളെ ഉണ്ടാക്കിയെടുക്കുമെങ്കില്‍ അത്തരമൊരു മരണത്തിനു വേണ്ടി നാം തയ്യാറാകുകയാണ് വേണ്ടത്. അങ്ങനെയാണ് ഗൌരി ലങ്കേഷിനെപ്പോലെയുള്ളവരുടെ മഹിതമായ മരണങ്ങള്‍ ഉണ്ടാകുന്നത്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *