കൊച്ചി:
സിസ്റ്റര്‍ അഭയ കൊലക്കേസ് 25-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പ്രതികള്‍ക്കെതിരെ സി.ബി.ഐ കോടതി വിചാരണ നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. രാവിലെ 10:15ന് ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച് ആണ് വിധി പറയുന്നത്.
ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫി എന്നിവരോട് വിചാരണ നേരിടുവാനുള്ള സി.ബി.ഐ കോടതി ഉത്തരവിനെതിരെ ഈ രണ്ടു പ്രതികളും, രണ്ടാം പ്രതി ഫാദര്‍ ജോസ് പൂത്തൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ജോമോന്‍ പുത്തൻപുരയ്ക്കലും ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണു വിധി. കൂടാതെ, അഭയ കേസില്‍ തെളിവു നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും ഉള്ള കുറ്റത്തിന് ക്രൈംബ്രാഞ്ച് എസ്.പി ആയിരുന്ന കെ.ടി മൈക്കിളിനെ നാലാം പ്രതി ആക്കിയ സി.ബി.ഐ. കോടതി ഉത്തരവിനെതിരെ പ്രതി മൈക്കിള്‍ നല്‍കിയ അപ്പീലിലുമാണ് വിധി പറയുന്നത്.
1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തെക്കുറിച്ച് ഉയര്‍ന്ന സംശയത്തെത്തുടര്‍ന്ന് അഭയ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ഇത് കേസിന് വഴിത്തിരിവാകുകയും ചെയ്തു. കോട്ടയം നീണ്ടൂര്‍ സ്വദേശിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് അഭയകേസ് ജനശ്രദ്ധയില്‍ കൊണ്ടു വന്നത്. അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ആത്മഹത്യയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു.
തുടര്‍ന്ന് 1993 മാര്‍ച്ച് 29-ന് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു.
എന്നാല്‍ തെളിവില്ലാത്തതിനാല്‍ പ്രതികളെ കണ്ടെത്താന്‍ സാധിക്കില്ലെന്നും അന്വേഷണം അവസാനിപ്പിക്കുന്നതിന് അനുമതി വേണമെന്നും പറഞ്ഞ് 1996-ല്‍ സി.ബി.ഐ കോടതിയെ സമീപിച്ചെങ്കിലും അത് തള്ളി. തുടര്‍ന്ന് 1999-ലും 2005-ലും ഇതേ ആവശ്യം കോടതി തള്ളി.
15 വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ചീഫ് കെമിക്കല്‍ എക്സാമിനേഷന്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതായി റിപ്പോര്‍ട്ടു വന്നതോടെയാണ് കേസ് വീണ്ടും സജീവമായി. ഇതിനിടെ സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുന്‍ എ.എസ്.ഐ. വി.വി. അഗസ്റ്റിന്‍ 2008 നവംബര്‍ 25ന് ആത്മഹത്യ ചെയ്തു.
സി.ബി.ഐ. ചോദ്യം ചെയ്ത അഗസ്റ്റിനെ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സി.ബി.ഐയാണെന്ന ആത്മഹത്യാക്കുറിപ്പ് ജഡത്തിന്റെ സമീപത്തു നിന്നു കണ്ടെടുത്തു. അഭയയുടെ മരണത്തിന്റെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത് അന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ എ.എസ.്‌ഐയായിരുന്നു അഗസ്റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ടതിന് ശേഷം ആദ്യം പയസ് ടെന്‍ത് കോണ്‍വെന്റിലെത്തിയ അഗസ്റ്റിന്‍ കേസ് സംബന്ധിച്ച നിര്‍ണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. അഗസ്റ്റിന്റെ മൊഴിയില്‍ വൈരുധ്യം ഉണ്ടെന്ന് സി.ബി.ഐ. വ്യക്തമാക്കിയിരുന്നു.
കൊലപാതകം നടന്ന് 16 വര്‍ഷത്തിനുശേഷമാണ് കേസില്‍ ആദ്യ അറസ്റ്റുണ്ടാകുന്നത്. 2008 ഒക്ടോബര്‍ 18, 19 തീയ്യതികളിലായി വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നീ മൂന്നു പേരെ സിബിഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തു. അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റിനു സമീപത്തു താമസിക്കുന്ന സഞ്ജു പി. മാത്യു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇവരെ നുണ പരിശോധനക്ക് വിധേയരാക്കി 2009 ജൂലൈ 17-ന് തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ നല്‍കിയ കുറ്റപത്രം നല്‍കി. ഇത് പ്രകാരമാണ് ഇവര്‍ വിചാരണ നേരിടുന്നത്. കേസിലെ മുഖ്യ പ്രതി തോമസ് കോട്ടൂര്‍ ആണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. കൊലപാതകം, കൊല ചെയ്യാന്‍ പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. സിസ്റ്റര്‍ അഭയയെ തലയ്ക്ക് ആദ്യം അടിക്കുന്നത് ഫാ. കോട്ടൂരാണെന്ന് സി.ബി.ഐ ആരോപിക്കുന്നു. രണ്ടാം പ്രതി ജോസ് പുതൃക്കയിലാണ്. സിസ്റ്റര്‍ അഭയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്കൊപ്പം കുറ്റകൃത്യങ്ങളില്‍ പങ്കുചേര്‍ന്ന വ്യക്തിയാണ് സിസ്റ്റര്‍ സ്റ്റെഫിയെന്ന് സി.ബി.ഐ. ആരോപിക്കുന്നു. ഫാ. കോട്ടൂര്‍ അഭയയുടെ തലക്കടിച്ചപ്പോള്‍, രണ്ടാം പ്രതി ഫാ. പുതൃക്കയിലിനോടൊപ്പം കുറ്റകൃത്യത്തിന് സിസ്റ്റര്‍ പ്രേരണ നല്‍കിയെന്നാണ് ആരോപണം. സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച് എട്ടു വര്‍ഷമായിട്ടും വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.