Mon. Dec 23rd, 2024
കൊച്ചി:

സിസ്റ്റര്‍ അഭയക്കേസ്സിൽ പ്രതികളായ ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇരുവരും നല്‍കിയ റിവിഷന്‍ ഹരജി കോടതി തളളി. രണ്ടാംപ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിനെ വെറുതെ വിട്ട നടപടി സിംഗിള്‍ ബെഞ്ച് ശരിവെച്ചു. നാലാം പ്രതി കെ.ടി. മൈക്കിളിനേയും പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി.

സിസ്റ്റര്‍ അഭയ കേസില്‍ ഒന്നും മൂന്നും പ്രതികളായ ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ വിചാരണ നേരിടണമെന്നായിരുന്നു തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ മുന്‍ ഉത്തരവ്. ഇത് ചോദ്യം ചെയ്ത് ഇരുപ്രതികളും നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതി തളളിയത്. പ്രതി സ്ഥാനത്തുനിന്ന് ഒഴിവാക്കേണ്ട പ്രത്യേക സാഹചര്യമോ തെളിവുകളുടെ അഭാവമോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മാത്രവുമല്ല പ്രതികള്‍ക്കെതിരെ തങ്ങള്‍ സമര്‍പ്പിച്ച ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ അടക്കമുളള തെളിവുകള്‍ ശക്തമാണെന്ന് സി.ബി.ഐ. നിലപാടെടുത്തു.

ഇതോടെയാണ് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ വെച്ച് സിസ്റ്റര്‍ അഭയയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം കിണറ്റില്‍ തളളി എന്ന കുറ്റത്തിന് ഫാദര്‍ തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സ്റ്റെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. എന്നാല്‍ രണ്ടാം പ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിനെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയ വിചാരണകോടതിയുടെ നടപടി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ വിചാരണക്കോടതിയുടെ ഈ ഉത്തരവും കണ്ടെത്തലുകളും സിംഗിള്‍ ബെഞ്ച് ശരിവെച്ചു.

അന്വേഷണത്തിനിടെ കേസിലെ തെളിവുകള്‍ നശിപ്പിച്ചെന്നും ഇതിനായി ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചായിരുന്നു മുന്‍ ക്രൈംബ്രാഞ്ച് എസ്.പി. കെ.ടി. മൈക്കിളിനെ സി.ബി.ഐ. നാലാം പ്രതിയാക്കിയത്. എന്നാല്‍ പ്രതിചേര്‍ക്കാന്‍ തക്ക ശക്തമായ തെളിവുകള്‍ നിലവില്‍ ഇദ്ദേഹത്തിനെതിരെയില്ല എന്ന കണ്ടെത്തലിലാണ് പ്രതിസ്ഥാനത്തുനിന്ന് കെ.ടി. മൈക്കിളിനെ ഒഴിവാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ വിചാരണ വേളയില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചാല്‍ പ്രതിചേര്‍ക്കാന്‍ തടസമില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികള്‍ നല്‍കിയ നിരവധി ഹര്‍ജികളെത്തുടര്‍ന്ന് അറസ്റ്റിലായ പത്തുവര്‍ഷത്തിനുശേഷവും കേസിന്റെ വിചാരണ തുടങ്ങാനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *