കോഴിക്കോട്:
കോഴിക്കോട്: എം.കെ. രാഘവനെതിരെ എൽ.ഡി.എഫ്. വീണ്ടും പരാതി നൽകി. നാമനിർദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവച്ചെന്നാണ് പരാതി. രാഘവൻ പ്രസിഡന്റ് ആയിരുന്ന പയ്യന്നൂരിലെ അഗ്രിൻ കോ സൊസൈറ്റിയിലെ വിവരങ്ങൾ മറച്ചുവച്ചുവെന്നാണ് ആരോപണം. അഗ്രിൻകോ സൊസൈറ്റിയുടെ റവന്യൂ റിക്കവറിയുടെ വിവരങ്ങളാണ് മറച്ചുവെച്ചതെന്നാരോപിക്കുന്നത്.
സൊസൈറ്റിയിലെ റവന്യു റിക്കവറിയുടെ വിവരങ്ങൾ നാമനിർദേശ പത്രികയിൽ വ്യക്തമാക്കിയിട്ടില്ല. അഗ്രിൻ കോ സൊസൈറ്റിയുമായി ബന്ധപ്പെട്ട് ചില വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എൽ.ഡി.എഫ്. ആരോപിച്ചു. 29 കോടി 22 ലക്ഷത്തി 32 ആയിരം രൂപ അഗ്രിൻ കോയ്ക്ക് കടബാധ്യതയുണ്ട്. എൽ.ഡി.എഫിനു വേണ്ടി മണ്ഡലം സെക്രട്ടറി അഡ്വ പി.എ. മുഹമ്മദ് റിയാസാണ് റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകിയത്. നാമനിർദ്ദേശ പത്രിക റദ്ദ് ചെയ്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ ഹിന്ദി ചാനലായ ഭാരത് ടി.വി.9 നടത്തിയ ഒളികാമറ ഓപ്പറേഷനെ സംബന്ധിച്ചും എം.കെ. രാഘവനെതിരെ എൽ.ഡി.എഫ്. പരാതി നല്കിയിരുന്നു. സിങ്കപ്പൂർ കമ്പനിയ്ക്ക് കോഴിക്കോട് ഹോട്ടൽ തുടങ്ങുന്നതിന് സ്ഥലം ഏറ്റെടുത്ത് നല്കണമെന്നാവശ്യപ്പെട്ട് എത്തിയവരോട് എം.പി. അഞ്ച് കോടി രൂപ ആവശ്യപ്പെട്ടതായാണ് ടി.വി. ചാനൽ റിപ്പോർട്ടിൽ പറയുന്നത്. തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് തുക നല്കണമെന്നും ഡൽഹിയിലെ ഓഫീസ് സെക്രട്ടറിയെ പണമായി ഏല്പിക്കണമെന്നും ആവശ്യപ്പെടുന്നതായാണ് ഒളിക്യാമറ ദൃശ്യങ്ങളിലുള്ളത്. എന്നാൽ എം.കെ രാഘവൻ ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.