Fri. Nov 22nd, 2024
ലിവര്‍പൂള്‍:

യുവേഫ (യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻസ്) ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് അർദ്ധരാത്രിക്കു ശേഷം തുടക്കമാവും. ആദ്യപാദത്തിൽ മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാമിനെയും ലിവർപൂൾ, പോർട്ടോയെയും നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് രണ്ട് കളിയും തുടങ്ങുക.

പ്രീമിയർ ലീഗിലെ വാശിയേറിയ പോരാട്ടത്തിന്റെ തുട‍ർച്ചയായി മാഞ്ചസ്റ്റർ സിറ്റിയും, ടോട്ടൻഹാമും നേർക്കുനേർ വരുന്ന മത്സരമാണിത്. ഒന്നാംപാദ മത്സരം ടോട്ടൻഹാമിന്റെ ഹോം ഗ്രൗണ്ടായ ടോട്ടൻഹാം ഹോട്സ്പുർ സ്റ്റേഡിയത്തിൽ വച്ചാണ് നടക്കുന്നത്. യൂറോപ്യൻ മത്സരത്തിൽ ഇരുടീമും നേർക്കുനേർ വരുന്നത് ഇതാദ്യം. സെർജിയോ അഗ്യൂറോ, ഗബ്രിയേൽ ജീസസ്, ഡേവിഡ് സിൽവ, കെവിൻ ഡി ബ്രൂയിൻ, റഹീം സ്റ്റെർലിംഗ്, ഫെർണാണ്ടീഞ്ഞോ തുടങ്ങിയ കളിക്കാരാണ് മാഞ്ചസ്റ്റർ സിറ്റിയുടെ കരുത്ത്. ഹാരി കെയ്ൻ, സോൻ ഹ്യുംഗ് മിൻ, ക്രിസ്റ്റ്യൻ എറിക്സൺ, ഡെലെ അലി എന്നിവരാണ് ടോട്ടൻഹാമിന്റെ കരുത്തുറ്റ കളിക്കാർ.

പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു എന്ന ആത്മവിശ്വാസത്തോടെയാണ് ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ മുന്നോട്ട് പോവുന്നത്. യൂറോപ്യൻ മത്സരത്തിൽ പോർട്ടോയ്ക്ക് ഇതുവരെ ലിവർപൂളിനെ പരാജയപ്പെടുത്താനായിട്ടില്ല. സാദിയോ മാനെ, റോബർട്ടോ ഫിർമിനോ, മുഹമ്മദ് സലാ ത്രയമാണ് ലിവർപൂളിന്‍റെ ശക്തി.

നാളെ നടക്കാനിരിക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ലയണൽ മെസ്സിയുടെ ബാഴ്സലോണ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസ് അയാക്സിനെയും നേരിടും.

Leave a Reply

Your email address will not be published. Required fields are marked *