തിരുവനന്തപുരം:
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ കുറിപ്പ്. വീടുകളില്‍ നേരിട്ടുചെന്ന് വിശദീകരിക്കേണ്ട പാര്‍ട്ടിലൈന്‍ സംബന്ധിച്ചാണ് കുറിപ്പ്. 12 പേജുകളിലുള്ള കുറിപ്പില്‍ പാര്‍ട്ടി അംഗങ്ങള്‍ വോട്ടെടുപ്പിന് മുമ്പുള്ള പത്തുദിവസങ്ങളില്‍ ജോലിയില്‍ നിന്ന് അവധിയെടുത്തും പ്രചാരണത്തിനിറങ്ങാനും ആഹ്വാനം ചെയ്തിട്ടുണ്ട്.
രാജ്യത്തിന്റെ മതേതര സംവിധാനം നിലനിര്‍ത്താനുള്ള സുപ്രധാന ദൗത്യത്തില്‍ പങ്കാളികളാകാന്‍ പത്തുദിവസം അവധിയെടുത്തു പ്രവര്‍ത്തിക്കാനാണ് ആഹ്വാനം. ഇതുസംബന്ധിച്ചുള്ള മാര്‍ഗരേഖ പ്രാദേശിക ജനറല്‍ ബോഡി യോഗങ്ങളില്‍ വിശദീകരിച്ചുതുടങ്ങി. ഓരോ ഏരിയയിലും ജില്ലാ കമ്മിറ്റി അംഗങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പി. പുലര്‍ത്തുന്ന ന്യൂനപക്ഷദളിത് ദ്രോഹം കേരളത്തില്‍ അനുവദിക്കരുത്. പിണറായി സര്‍ക്കാരിന്റെ ആയിരം ദിവസത്തെ ഭരണനേട്ടങ്ങള്‍ അക്കമിട്ടു നിരത്തി സ്‌ക്വാഡുകള്‍ രംഗത്തിറങ്ങണം. ഇനിയുള്ള രണ്ടാഴ്ച രാഷ്ട്രീയ ചര്‍ച്ച വീടുകളിലേക്കും കൊണ്ടുവരണം. എന്നിങ്ങനെയാണ് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള റിപ്പോര്‍ട്ടിംഗിലെ പ്രധാന ആഹ്വാനങ്ങള്‍.