മുൻ ദേശീയ ഫുട്ബോളർ അനസ് എടത്തൊടിക കേരളാ ബ്ലാസ്റ്റേഴ്സ് വിടുന്നതായി റിപ്പോർട്ട്. ഈ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കേരളത്തിന്റെ തന്നെ മറ്റൊരു ക്ലബ് ഗോകുലം കേരള എഫ്സിയിലേക്കാണ് അനസ് പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിലാണ് മികച്ച ഡിഫൻഡറായ അനസ് ബ്ലാസ്റ്റേഴ്സിലെത്തിയത്.
പരിക്കു മൂലം ആദ്യ മത്സരങ്ങളിൽ കളിക്കാൻ സാധിക്കാതിരുന്ന അനസ് ആകെ ഒൻപത് കളികൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിച്ചത്. ഇന്ത്യക്കു വേണ്ടി വെറും 19 മത്സരങ്ങളിൽ മാത്രം കളിച്ച അനസ് ഈ ജനുവരിയിലാണ് ദേശീയ ടീമിൽ നിന്നും വിരമിച്ചത്. അനസിന്റെ വിരമിക്കൽ പ്രഖ്യാപനം തീർത്തും അപ്രതീക്ഷിതമായിരുന്നു.
ബഹ്റൈനെതിരെ ഷാർജയിൽ നടന്ന ഏഷ്യാ കപ്പ് അവസാന ഗ്രൂപ്പ് മത്സരത്തിൽ തോറ്റ് ഇന്ത്യ ടൂർണമെന്റിൽ നിന്നും പുറത്തായതിനെ തുടർന്നായിരുന്നു അനസിന്റെ വിരമിക്കൽ പ്രഖ്യാപനം. പരിക്കുകൾ നിരന്തരം അലട്ടിയിരുന്നെങ്കിലും, അനസ് ഇന്ത്യൻ പ്രതിരോധ നിരക്ക് കരുത്തുപകർന്ന കളിക്കാരനായിരുന്നു. വാർത്തകൾ പ്രകാരം അനസ് ടീം വിടുകയാണെങ്കിൽ അത് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാവും എന്നതിൽ സംശയമില്ല.